തിരുവനന്തപുരം: 'യൂസ് മീ ബിഫോർ ബെൽ' എന്ന സന്ദേശത്തോടെ സാനിറ്റൈസർ യൂണിറ്റുകൾ വീടുകളിലും സ്ഥാപനങ്ങളിലും മിതമായ നിരക്കിൽ സ്ഥാപിക്കാനൊരുങ്ങി ടൂർഫെഡ്. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. വീടുകളിലെയും സ്ഥാപനങ്ങളിലെയും പ്രധാന കോൺടാക്ട് പോയിന്റാണ് കോളിംഗ് ബെല്ലിന്റെ സ്വിച്ച്. കൈകൾ അണുവിമുക്തമാക്കാതെ ബെൽ സ്വിച്ച് ഉപയോഗിക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കാൻ സാദ്ധ്യതയുള്ളതു കൊണ്ടാണ് ഇത്തരത്തിലൊരു പദ്ധതി ആവിഷ്‌കരിച്ചതെന്ന് ടൂർഫെഡ് അറിയിച്ചു. പ്രധാന കവാടത്തിന് സമീപം സ്ഥാപിക്കുന്നതുകൊണ്ട് മനോഹരമായ ഡിസൈനിലാണ് യൂണിറ്റ് നിർമിച്ചിട്ടുള്ളത്. ഉദ്ഘാടന ചടങ്ങിൽ ടൂർഫെഡ് ചെയർമാൻ സി. അജയകുമാർ, എം.ഡി ഷാജി മാധവൻ എന്നിവർ പങ്കെടുത്തു.