തിരുവനന്തപുരം: വൻകിട ആഭരണ വ്യാപാരികളെ സഹായിക്കാനാണ് ചെലവ് ചുരുക്കലിന്റെ പേര് പറഞ്ഞ് ആഭരണനിർമ്മാണ തൊഴിലാളിക്ഷേമനിധി ബോർഡ് നിറുത്തലാക്കിയതെന്നും ഇത് തൊഴിലാളി വിരുദ്ധമാണെന്നും കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്റ് ചെയർമാൻ അഡ്വ. സുമേഷ് അച്യുതൻ ആരോപിച്ചു.
ക്ഷേമനിധി ബോർഡ് ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് ക്ഷേമനിധി ബോർഡിൽ ലയിപ്പിച്ചതോടെ പരമ്പരാഗത തൊഴിലാളികൾ എന്ന വിഭാഗത്തിൽ നിന്ന് തൊഴിലാളികൾ പുറത്തു പോകുന്ന സാഹചര്യമാണ്. വൻനികുതി വെട്ടിപ്പിനും നികുതി വരുമാനക്കുറവിനും ഇത് കാരണമാകും. തലമുറകളായി വിശ്വകർമ്മ വിഭാഗത്തിൽപ്പെട്ടവർ കൂടുതലായി തൊഴിലെടുക്കുന്ന ഈ മേഖലയെ തകർക്കാനായി വൻകിട മുതലാളിമാരുമായി നടത്തുന്ന ഒത്തുകളി ഇടതുപക്ഷസർക്കാരിന് ഭൂഷണമല്ല. നടപടി പിൻവലിച്ചില്ലെങ്കിൽ പ്രത്യക്ഷസമരത്തിനിറങ്ങുമെന്നും സുമേഷ് അച്യുതൻ പ്രസ്താവിച്ചു.