30 വർഷത്തിന് ശേഷം ലിവർപൂൾ ഇംഗ്ളീഷ് പ്രിമിയർ ലീഗ് ചാമ്പ്യന്മാർ
ലണ്ടൻ : മൂന്ന് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ശേഷം ലിവർപൂൾ ഇംഗ്ളീഷ് പ്രിമിയർ ലീഗ് കിരീടത്തിൽ മുത്തമിട്ടു. കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ ലിവർപൂൾ 4-0ത്തിന് ക്രിസ്റ്റൽ പാലസിനെ തോൽപ്പിച്ചതിന് പിന്നാലെ പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റി ചെൽസിയോട് തോൽക്കുകയും ചെയ്തതോടെയാണ് ലിവർപൂൾ കിരീടം ഉറപ്പിച്ചത്. ഇത് 19-ാം തവണയാണ് ലിവർപൂൾ ഇംഗ്ളീഷ് ചാമ്പ്യൻസാകുന്നത്.
ലീഗിൽ തങ്ങൾക്ക് ഏഴ് മത്സരങ്ങൾകൂടി ശേഷിക്കവേയാണ് യൂർഗൻ ക്ളോപ്പ് പരിശീലിപ്പിക്കുന്ന ചെമ്പട കിരീടം ചൂടിയത്. ഇത്രയും മത്സരങ്ങൾ ശേഷിക്കേ കിരീടം നേടുന്ന ആദ്യ ക്ളബാണ് ലിവർപൂൾ. 1990 ന് ശേഷം ആദ്യമായാണ് ലിവർപൂൾ ഇംഗ്ളീഷ് ഫസ്റ്റ് ഡിവിഷൻ ചാമ്പ്യൻമാരാകുന്നത്. 31 മത്സരങ്ങളിൽ നിന്ന് 86 പോയിന്റുകൾ നേടിയപ്പോഴാണ് ഇൗ സീസണിൽ മറ്റാർക്കും കീഴടക്കാൻ കഴിയാത്ത ഉയരത്തിലേക്ക് ലിവർപൂൾ എത്തിയത്. രണ്ടാംസ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിക്ക് 63 പോയിന്റുകളേ ഇതുവരെ നേടാനായിട്ടുള്ളൂ.
അഞ്ചുവർഷം മുമ്പ് ലിവർപൂളിന്റെ പരിശീലകനായെത്തിയ ജർമ്മൻകാരനായ യൂർഗൻ ക്ളോപ്പാണ് ലിവർപൂളിന്റെ നീണ്ടകാലത്തെ പ്രതീക്ഷകൾക്ക് സാഫല്യം നൽകിയത്. കഴിഞ്ഞ സീസണിൽ ഒരൊറ്റപ്പോയിന്റിന് മാഞ്ചസ്റ്റർ സിറ്റിക്ക് പിന്നിലായിപ്പോയ ലിവർപൂൾ ഇത്തവണ തുടക്കംമുതൽ മിന്നുന്ന ഫോമിലായിരുന്നു. ഒറ്റക്കളിയിലേ ഇതുവരെ തോറ്റുള്ളൂ. രണ്ട് മത്സരങ്ങളിൽ സമനില വഴങ്ങി. ബാക്കി 28 മത്സരങ്ങളിലും വിജയം ലിവർപൂളിന് ഒപ്പം നിന്നു.
യൂർഗൻ ക്ളോപ്പിന് കീഴിൽ ലിവർപൂൾ നേടുന്ന നാലാമത്തെ കിരീടമാണിത്. 2018 -2019 ലെ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടവും 2019 ലെ യുവേഫ സൂപ്പർ കപ്പും അതേ വർഷത്തെ ഫിഫ ക്ളബ് വേൾഡ് കപ്പുമാണ് ക്ളോപ്പിന്റെ കുട്ടികൾ ഇതിന് മുമ്പ് ഉയർത്തിപ്പിടിച്ചത്.
1990 ൽ ഇതിഹാസ താരം കെന്നി ഡാൽഗ്ളിഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിനുമുമ്പ് ലിവർപൂളിനെ ഇംഗ്ളീഷ് ചാമ്പ്യൻമാരാക്കിയത്. തുടർന്ന് തലമുറകൾ മാറിവന്നിട്ടും ഇംഗ്ളീഷ് കിരീടം മെർസിസൈഡ് ക്ളബിൽനിന്ന് അകന്നുനിന്നു. 17 സീസണുകളിൽ ലിവർപൂളിന്റെ കുപ്പായത്തിൽ കളിച്ചിട്ടും സൂപ്പർതാരം സ്റ്റീവൻ ജെറാഡിന് ക്ളബിനെ ഇംഗ്ളീഷ് ചാമ്പ്യൻമാരാക്കാൻ കഴിഞ്ഞിരുന്നില്ല.
മിഡ് ഫീൽഡർ യോർദാൻ ഹെൻഡേഴ്സന്റെ ക്യാപ്ടൻസിയിലാണ് ലിവർപൂൾ ഇക്കുറി കിരീടത്തിലേക്ക് എത്തിയിരിക്കുന്നത്. മുഹമ്മദ് സലാ, സാഡിയോ മാനേ, റോബർട്ടോ ഫിർമിനോ, വിർജിൽ വാൻഡിക്ക്, ജോർജിനിയോ വിയനാൽഡാം, ജെയിംസ് മിൽനർ, ഗോൾ കീപ്പർ അലിസൺ, റോബർട്ടോ ഫിർമിനോ, ഫബീന്യോ, അലക്സ് ഒാക്‌സലൈഡ് ചേമ്പർ ലൈൻ തുടങ്ങിയ സൂപ്പർ താരങ്ങളാണ് ഇക്കുറി ലീഗ് പടയോട്ടത്തിന് ചുക്കാൻ പിടിച്ചത്.
കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ചെൽസി 2-1 നാണ് കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായിരുന്ന മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ചത്. 36-ാം മിനിട്ടിൽ ക്രിസ്റ്റ്യൻ പുലിസിച്ചിലൂടെയാണ് ചെൽസി ലീഡ് നേടിയത്. 55-ാം മിനിട്ടിൽ കെവിൻ ഡി ബ്രുയാൻ സിറ്റിയെ സമനിലയിലെത്തിച്ചു. എന്നാൽ 77-ാം മിനിട്ടിൽ ഫെർനാൻ ഡീന്യോ ചുവപ്പുകാർഡ് കണ്ട് പുറത്തുപോയപ്പോൾ ലഭിച്ച പെനാൽറ്റികിക്ക് വലയിലാക്കി വില്ലെയ്‌ൻ ചെൽസിക്ക് വിജയം നൽകുകയായിരുന്നു.
'തീർത്തും അവിശ്വസനീയ വിജയമാണിത്. സന്തോഷം പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകളില്ല. ഇൗ ടീമിനെ പ്രചോദിപ്പിക്കാൻ എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. ക്ളബിന്റെ സ്വർണലിപികളിലെഴുതിയ ചരിത്രം അവരെ ഒാർമ്മിപ്പിക്കുക മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ. ഞങ്ങളുടെ ഇതിഹാസതാരങ്ങളായ കെന്നി ഡാൽഗ്ളിഷും സ്റ്റീവൻ ജെറാഡും നൽകിയ പ്രചോദനമാണ് വിജയത്തിന്റെ ജീവനാഡി. ഞങ്ങൾ ഇൗ കിരീടം അവർക്കായി സമർപ്പിക്കുന്നു "
- യൂർഗൻ ക്ളോപ്പ്
ലിവർപൂൾ കോച്ച്