തിരുവനന്തപുരം: നഗരത്തിൽ ലോക്ക് ഡൗൺ ലംഘിച്ച 93 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം കേസെടുത്തതായി സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു.മാർഗ നിർദേശങ്ങൾ പാലിക്കാതെ യാത്ര ചെയ്ത 23 വാഹനങ്ങളുടെ ഉടമകൾക്കെതിരെയും മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 262 പേർക്കെതിരെയും നടപടിയെടുത്തു. മാർഗനിർദേശങ്ങൾ പാലിക്കാതെ, രോഗവ്യാപനം ഉണ്ടാകുന്ന തരത്തിൽ പ്രവർത്തിച്ച 17കടകൾ പൂട്ടിക്കാൻ നഗരസഭയ്ക്ക് പൊലീസ് റിപ്പോർട്ട് നൽകി. കടകളും ഹോട്ടലുകളും തട്ടുകടകളും ഉൾപ്പെടെ 54 കടകൾ പൂട്ടാനാണ് ഇതുവരെയുള്ള ശുപാർശ.നഗരത്തിൽ രോഗവ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊലീസ് പരിശോധന കർശനമായി തുടരും. വ്യാപാര സ്ഥാപനങ്ങളിലും വാഹന യാത്രകളിലും പൊതുജനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിക്കണമെന്നും സർക്കാരിന്റെയും പൊലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ പാലിക്കാതെ വിലക്ക് ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നിയമനടപടി സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു.