തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ കോർപറേഷനിൽ വനിതാനേതാക്കൾ തമ്മിലുള്ള ആഭ്യന്തര കലഹം മറനീക്കി പുറത്തുവരുന്നു. ഡെപ്യൂട്ടിമേയർ രാഖി രവികുമാറും പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ പുഷ്പലതയും തമ്മിലുള്ള ശീതയുദ്ധമാണ് തുറന്ന പോരിലേക്ക് വഴിമാറുന്നത്. പുഷ്‌പലതയ്ക്കെതിരെ രാഖി രവികുമാർ സി.പി.എം ജില്ലാകമ്മിറ്റിക്ക് പരാതി നൽകിയെന്ന് വിവരമുണ്ടെങ്കിലും ഡെപ്യൂട്ടി മേയർ അത് നിഷേധിച്ചു. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി മേയർ ക്രമക്കേട് നടത്തിയെന്നും ഇതു സംബന്ധിച്ച രേഖ യൂത്ത് കോൺഗ്രസിന് സ്ഥിരംസമിതി അദ്ധ്യക്ഷ ചോർത്തികൊടുത്തു എന്നുള്ള ആരോപണത്തിലാണ് പോര് മുറുകുന്നത്.
ഡെപ്യൂട്ടിമേയറുടെ വാർഡായ വഴുതക്കാട്, ആൽത്തറ –സി.എസ്.എം റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി 43ലക്ഷം ചെലവഴിച്ചതിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് കഴിഞ്ഞ തിങ്കളാഴ്‌ച കോർപറേഷൻ ഓഫിസിനു മുന്നിൽ ധർണ നടത്തിയിരുന്നു. കരാറുകാർക്ക് പണം നൽകിയതുൾപ്പെടെയുള്ള ഫയൽ രേഖകൾ സമൂഹ മാദ്ധ്യമങ്ങൾ വഴി അവർ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിൽ പുഷ്‌പലതയുടെ ഓഫിസിന്റെ പശ്ചാത്തലവും ലെറ്റർഹെഡും ഉണ്ടെന്നാണ് ആക്ഷേപം. ഇതോടെ അദ്ധ്യക്ഷയ്‌ക്കെതിരെ പരാതിയുമായി ഡെപ്യൂട്ടി മേയർ സി.പി.എം ജില്ലാ നേതൃത്വത്തെ സമീപിച്ചതെന്നാണ് വിവരം.
പുഷ്‌പലതക്കെതിരെ പരാതിയില്ലെന്ന് രാഖി
പുഷ്‌പലതയ്ക്ക് എതിരെ സി.പി.എമ്മിന് പരാതി നൽകിയിട്ടില്ലെന്ന് രാഖി രവികുമാർ വ്യക്തമാക്കി. സി.പി.എമ്മിന് ഇതു സംബന്ധിച്ച പരാതി നൽകിയെന്ന പ്രചാരണം തെറ്റാണ്. അതേസമയം വ്യാജപ്രചാരണം നടത്തുന്ന വഴുതക്കാടുള്ള പ്രാദേശിക കോൺഗ്രസ് നേതാവ് സുരേഷ് ഉൾപ്പെടെയുള്ളവർക്കെതിരെ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിട്ടുണ്ട്. മാനഷ്ടക്കേസ് ഉടൻ ഫയൽ ചെയ്യുമെന്നും അവർ വ്യക്തമാക്കി.
വസ്തുതാവിരുദ്ധമെന്ന് പുഷ്‌പലത
ഡെപ്യൂട്ടിമേയറും സ്ഥിരം സമിതി അദ്ധ്യക്ഷയും തമ്മിൽ പ്രശ്നങ്ങളില്ലെന്നും ഇതുസംബന്ധിച്ച പ്രചാരണങ്ങൾ തെറ്റാണെന്നും എസ്. പുഷ്‌പലത അറിയിച്ചു. നഗരസഭയിലെ ഒരു ഫയലും ചോർന്നിട്ടില്ല. വഴുതക്കാട് വാർഡിൽ റോഡ് നിർമ്മാണ 23 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. എന്നാൽ 11.76 ലക്ഷം രൂപയുടെ പണി മാത്രം നടത്തി, തുക നൽകി. മറിച്ചുള്ള പ്രചാരണങ്ങൾ വ്യാജമാണെന്നും അവർ വ്യക്തമാക്കി.