തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വീണിടത്ത് കിടന്ന് ഉരുളുകയാണെന്ന് മന്ത്രി എ.കെ. ബാലൻ പറഞ്ഞു. കൊവിഡ് വ്യാപനം തടയാൻ കേരള സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് കേന്ദ്ര വിദേശകാര്യ വകുപ്പിലെ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ അയച്ച കത്തിനെ ദുർവ്യാഖ്യാനം ചെയ്യുന്നത് അപഹാസ്യമാണ്.
സർക്കാരിന്റെ പ്രവർത്തനത്തെ പ്രകീർത്തിച്ച് ഔപചാരികമായി അഭിനന്ദിക്കുന്നതിനാണ് കോംപ്ലിമെന്റ് എന്ന വാക്ക് ഉപയോഗിക്കുന്നത്. വ്യക്തിയെ അഭിനന്ദിക്കാനാണ് കൺഗ്രാചുലേഷൻസ് എന്ന വാക്ക് ഉപയോഗിക്കുന്നത്. രണ്ടും അഭിനന്ദനം തന്നെയാണ്.
കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥന്റെ വാക്കുകളെ നിഷേധരൂപത്തിൽ മുരളീധരൻ വ്യാഖ്യാനിക്കുന്നതിനു പിന്നിൽ എന്ത് മാനസികാവസ്ഥയാണ്? കൊവിഡ് വ്യാപനം തടയാൻ സംസ്ഥാന സർക്കാർ നടത്തുന്ന ശ്രദ്ധേയമായ പ്രവർത്തനത്തെ ദുർവ്യാഖ്യാനങ്ങളിലൂടെ അവമതിക്കാനാണ് കേന്ദ്ര സഹമന്ത്രി ശ്രമിക്കുന്നതെന്നും മന്ത്രി ആരോപിച്ചു.