കാത്തുകാത്തിരുന്ന് വിരിയുമ്പോടാണ് പൂവുകൾക്ക് സൗന്ദര്യമേറുന്നത്. അതുകൊണ്ടുതന്നെയാണ് 30 കൊല്ലത്തിനുശേഷം ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ ലിവർപൂൾ എന്ന ചെങ്കനൽപ്പൂവ് വിരിഞ്ഞപ്പോൾ ആരാധകർ ഹൃദയം നിറഞ്ഞ് ആനന്ദിക്കുന്നതും.
ഇംഗ്ളീഷ് ഫുട്ബാളിൽ 118 വർഷത്തെ ചരിത്രമുണ്ട് ലിവർപൂളിന്. നൂറ്റാണ്ടിലേറെക്കാലമായി ആൻഫീൽഡെന്ന സ്വന്തം പടക്കളത്തിൽ അവർ കാൽപ്പന്തുകളിയുടെ അവിസ്മരണീയ മുഹൂർത്തങ്ങൾ സൃഷ്ടിക്കുന്നു. കിരീടങ്ങളുടെ പട്ടികയെടുത്താൽ മറ്റേതൊരു ഇംഗ്ളീഷ് ക്ളബിനുമുന്നിലും നെഞ്ചുവിരിച്ചുനിൽക്കാനുള്ള യോഗ്യത ഇൗ ചുവപ്പുകുപ്പായക്കാർക്കുണ്ട്. ഇപ്പോഴത്തേത് കൂട്ടാതെതന്നെ 18 ഇംഗ്ളീഷ് ഫസ്റ്റ് ഡിവിഷൻ കിരീടങ്ങളും ആറ് യൂറോപ്യൻ കിരീടങ്ങളും 15 എഫ്.എ കമ്മ്യൂണിറ്റി ഷീൽഡുകളും ഏഴ് എഫ്.എ കപ്പുകളും എട്ട് ലീഗ് കപ്പുകളും ഒരു ഫിഫ ക്ളബ് ലോകകപ്പും ആൻഫീൽഡിലെ അലമാരയിൽ തിളക്കംമായാതെ ഇരിപ്പുണ്ട്. എന്നാൽ 18-ാം പട്ടം കഴിഞ്ഞ് പ്രിമിയർ ലീഗിൽ ഒരിക്കൽകൂടി കിരീടമണിയുന്ന ചെമ്പടയുടെ കുളമ്പടികൾക്ക് കാതോർത്ത് 30 കൊല്ലങ്ങൾ ആരാധകർക്ക് കാത്തിരിക്കേണ്ടിവന്നു.
1990 ൽ ലിവർപൂൾ പ്രിമിയർ ലീഗ് ചാമ്പ്യൻമാരായ ശേഷം ബ്രിട്ടനിൽ ഏഴ് പ്രധാനമന്ത്രിമാർ മാറിവന്നു. ഇറാഖിൽ രണ്ട് യുദ്ധങ്ങൾ നടന്നു. ഇംഗ്ളണ്ടിൽ 70 ലക്ഷം കല്യാണങ്ങൾ നടന്നു. ഒടുവിൽ കൊവിഡും വന്നു. പക്ഷേ ലിവർപൂൾ ഒരുതവണകൂടി പ്രിമിയർലീഗിൽ മുത്തമിടുന്നതുകാണാൻ ഇത്രനാളും കഴിഞ്ഞിരുന്നില്ല.
1970 കളിലും 80 കളിലും ഇംഗ്ളണ്ടിലെയും യൂറോപ്പിലെയും എണ്ണം പറഞ്ഞ ശക്തിയായിരുന്നു മെർസി നദിക്കരയിലെ ലിവർപൂൾ ഫുട്ബാൾ ക്ളബ്. ബിൽ ഷാൻക്ക്‌ലി, ബോബ് പെയ്‌സ്‌ലി, ജോ ഫാഗൻ, കെന്നി ഡാൽഗ്ളിഷ് തുടങ്ങിയ മഹാരഥൻമാർ ചേർന്ന് 11 ലീഗ് കിരീടങ്ങളിലേക്കും നാല് യൂറോപ്യൻ കിരീടങ്ങളിലേക്കും എത്തിച്ച സുവർണകാലം 1990 ൽ അവസാനിച്ചു. അതിനുശേഷം തെന്നിയും തെറിച്ചും ചില കിരീടങ്ങൾ എന്നതൊഴിച്ചാൽ ആരാധകർക്ക് ലിവർപൂൾ ഒാർമ്മകളിലെ ചക്രവർത്തിമാരായിരുന്നു. സ്‌പെയ്ൻകാരനായ റാഫേൽ ബെനിറ്റ്സ് എന്ന പരിശീലകനും സ്റ്റീവൻ ജെറാഡ് എന്ന സൗമ്യസുന്ദരനായ നായകനും കീഴിൽ 2005 ലെ 'ബാറ്റിൽ ഒഫ് ഇസ്താംബുൾ" എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ നേടിയ വിജയമായിരുന്നു മരുഭൂമിയിലെ മരുപ്പച്ച.
ഇസ്താംബുളിലെ പോരാട്ടത്തിന്റെ കഥകൾ അയവിറക്കി പിന്നെയും വർഷങ്ങൾ കടന്നുപോയി. ലിവർപൂളിന്റെ ചുവപ്പുനിറം ചങ്കിൽക്കൊണ്ടുനടന്നിരുന്നവർ കിരീടമില്ലാത്ത രാജാക്കന്മാരെന്ന് പരിഹസിക്കപ്പെട്ടു. ഇംഗ്ളണ്ട് കണ്ട എക്കാലത്തെയും മികച്ച കളിക്കാരനായ ജെറാഡിന് കീഴിൽ ഇടയ്ക്ക് ചില മിന്നലൊളികൾ ഉണ്ടായെങ്കിലും ആരാധകർ ആഗ്രഹിക്കുന്ന പ്രിമിയർ ലീഗ് കിരീടം അകന്നുതന്നെ നിന്നു. 2014 ൽ പോയിന്റ് നിലയിൽ മുന്നിൽനിന്നശേഷം അവസാനം താഴേക്ക് വീണത്, കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയോട് ഒപ്പത്തിനൊപ്പം നിന്നിട്ടും ഒറ്റപ്പോയിന്റിന് പിന്നിലായിപ്പോയത്... ആരാധകരുടെ തപ്തനിശ്വാസങ്ങൾ ബാക്കിയാക്കി 2015 ൽ സ്റ്റീവൻ ജെറാഡ് ലിവർപൂളിന്റെ കുപ്പായം അഴിച്ചുവച്ചു. 504 പ്രിമിയർ ലീഗ് മത്സരങ്ങൾ ലിവർപൂളിനായി കളിച്ചിട്ടും ഒരിക്കൽപ്പോലും കിരീടത്തിൽ മുത്തമിടാൻ കഴിയാത്തതിന്റെ വേദന വിടവാങ്ങുമ്പോൾ ജെറാഡിന്റെ മുഖത്തുണ്ടായിരുന്നു. 1966 നുശേഷം ഇംഗ്ളണ്ടും ലോകകപ്പും എന്നപോലെ പ്രിമിയലീഗ് കിരീടം ലിവർപൂളുമായി സോഷ്യൽ ഡിസ്റ്റൻസ് പാലിച്ചുപോന്നു.
എന്നാൽ ഇക്കാലമത്രയും ലിവർപൂളിനെ നെഞ്ചേറ്റിയവർ 'യു വിൽ നെവർ വാക്ക് എലോൺ" എന്ന ക്ളബിന്റെ ഗാനം മുഴക്കി തങ്ങളുടെ താരങ്ങൾക്ക് ഒപ്പംനിന്നു. ഒാരോ തോൽവിയിലും ഒറ്റയ്ക്കല്ലെന്ന് അവർ പാടിക്കൊണ്ടേയിരുന്നു. അതുകൊണ്ടാണ് കാലങ്ങൾക്ക് ശേഷം മറ്റൊരു പ്രിമിയർലീഗ് കിരീടം കൈയിലേന്തുമ്പോൾ ഇൗ കൊവിഡ് കാലത്തും കളിക്കാരേക്കാൾ കൂടുതൽ ആവേശത്തോടെ ആരാധകർ ആഹ്ളാദം പ്രകടിപ്പിക്കുന്നത്.
കൊവിഡിനെത്തുടർന്ന് യൂറോപ്യൻ ഫുട്ബാളിനും താത്കാലികമായി ലോക്ക് വീണപ്പോൾ ആരാധകർ ആശങ്കയിലായിരുന്നു. കാത്തുകാത്തിരുന്ന് കിരീടത്തിനടുത്തെത്തിയപ്പോൾ കൊവിഡ് വന്ന് കുത്തിത്തിരിപ്പുണ്ടാക്കുമോ എന്നതായിരുന്നു ഭയം. എങ്കിലും മൂന്ന് പതിറ്റാണ്ട് കാത്തിരിക്കാമെങ്കിൽ മൂന്നുമാസംകൂടി കഴിച്ചുകൂട്ടാൻ എന്ത് പ്രയാസം എന്നാണ് അവർ പറഞ്ഞിരുന്നത്. ലോക്ക് ഡൗൺ മാറികളിക്കളങ്ങൾ വീണ്ടും സജീവമായി. പക്ഷേ ഇടവേളയ്ക്ക്ശേഷമുള്ള ആദ്യമത്സരത്തിൽ എവർട്ടണിനോട് ഗോൾരഹിത സമനില വഴങ്ങേണ്ടിവന്നു. ക്രിസ്റ്റൽ പാലസിനോടുള്ള ജയം വീണ്ടും ആവേശം നിറച്ചു. പിന്നെ നോട്ടം ചെൽസിയിലേക്കായി. മാഞ്ചസ്റ്റർ സിറ്റിയെ അവർ തോൽപ്പിച്ചതോടെ കാത്തിരുന്ന സുവർണനിമിഷം ലിവർപൂളുകാരെത്തേടിയെത്തി.