തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന് തടയിടാൻ നഗരത്തിലെ ചാല, പാളയം തുടങ്ങിയ പ്രധാന മാർക്കറ്റുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണം പൂർണം. പൊലീസും നഗരസഭാസ്‌പെഷ്യൽ സ്‌ക്വഡുകളും ഇന്നലെ രണ്ടുമാർക്കറ്റുകളിലും പരിശോധന നടത്തി. നഗരസഭ നേരത്തെ പ്രഖ്യാപിച്ച നാല് ഹെൽത്ത് സ്‌ക്വാഡുകൾക്ക് പുറമേ രണ്ട് സ്‌പെഷ്യൽ സ്‌ക്വാഡുകൾ കൂടി രംഗത്തെത്തി. മാർക്കറ്റുകളിലേക്ക് ആളുകൾ പ്രവേശിക്കുന്നത് പൊലീസ് ഇടപെട്ട് നിയന്ത്രിച്ചു. പലചരക്ക്, മത്സ്യം, മാംസം എന്നിവ വില്പന നടത്തുന്ന അമ്പത് ശതമാനം കടകളാണ് തുറന്നത്. ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കുന്നതിന് കടകൾക്ക് ടോക്കൺ സിസ്റ്റം ഏർപ്പെടുത്തിയിരുന്നു. പഴം പച്ചക്കറി കടകളും ഇന്നലെ തുറന്നു. ഇന്നും ഇവ തുറക്കും. മാളുകളിലെ സൂപ്പർമാർക്കറ്റുകളിലും ഹെൽത്ത് സ്ക്വാഡുകളുടെ നേതൃത്വത്തിൽ പരിശോധന നടത്തി. 10 ദിവസത്തേക്കാണ് നിലവിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. മാസ്‌ക്, സാനിറ്റെസർ, ശാരീരിക അകലം എന്നിവ ഉറപ്പാക്കാതെ പ്രവർത്തിക്കുന്ന കടകൾ അടച്ചുപൂട്ടുമെന്നും അത്തരം കടകളുടെ ലൈസൻസ് താത്കാലികമായി റദ്ദാക്കുമെന്നും മേയർ പറഞ്ഞു.
ചാല, പാളയം മാർക്കറ്റുകളിൽ
കടകൾക്കുള്ള ക്രമീകരണം
പഴം, പച്ചക്കറി കടകൾ - തിങ്കൾ, ചൊവ്വ, വെള്ളി, ശനി
ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കും
പലവ്യഞ്ജനങ്ങൾ, സ്റ്റേഷനറി, ചിക്കൻ എന്നിവ വിൽക്കുന്ന
കടകൾ - ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തിക്കും
ചെറുകിട തുണിക്കടകൾ - എല്ലാ ദിവസവും തുറന്ന് പ്രവർത്തിക്കും
മത്സ്യം, മാംസം എന്നിവ വിൽക്കുന്ന കടകൾ ഉൾപ്പെടെയുള്ള മറ്റുവ്യാപാര സ്ഥാപനങ്ങൾ
ഓരോ കാറ്റഗറിയിലും മൊത്തം സ്ഥാപനങ്ങളുടെ 50 ശതമാനം സ്ഥാപനങ്ങൾ
മാത്രം ഓരോ ദിവസവും പ്രവർത്തിക്കുന്ന രീതിയിലാണ് ക്രമീകരണം
മാളുകളിലെ സൂപ്പർ മാർക്കറ്റ് ക്രമീകരണം
തിങ്കൾ, ബുധൻ, വെള്ളി, ശനി - മാളുകളിലെ
സൂപ്പർ മാർക്കറ്റുകൾക്ക് തുറന്ന് പ്രവർത്തിക്കാം
അവധി ദിവസങ്ങളിൽ ഹോം ഡെലിവറി മാത്രം
ഈ ദിവസങ്ങളിൽ മാളുകളിലെ സൂപ്പർ മാർക്കറ്റുകളിൽ
പൊതുജനങ്ങൾക്ക് പ്രവേശനമില്ല