പോത്തൻകോട്: മാർ ഇവാനിയോസ് കോളേജിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ ക്വാറന്റൈനിൽ കഴിയവെ മോഷണകുറ്റത്തിന് അന്യസംസ്ഥാന തൊഴിലാളിയെ അറസ്റ്റു ചെയ്തു.ബീഹാർ സ്വദേശി രാജ്കപൂർ (24 ) ആണ് അറസ്റ്റിലായത്. സംസ്ഥാനത്ത് ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് നാട്ടിലേക്ക് മടങ്ങിപ്പോയ വിദ്യാർത്ഥികളുടെ പൂട്ടിയിട്ട മുറികളിലെ പൂട്ട് തകർത്ത് മോഷണം നടന്നതിനെത്തുടർന്ന് കോളേജിലെ അൽഫോൻസ ക്വാറന്റൈൻ സെന്ററിലെ സിസ്റ്റർ മണ്ണന്തല പൊലീസിൽ വിവരം അറിയിച്ചിരുന്നു. അതനുസരിച്ച് പോലീസെത്തി പരിശോധന നടത്തി മടങ്ങിയതിന് ശേഷം രാത്രി 9.30 തിന് സി.ഐ.സജുകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് വീണ്ടുമെത്തി പരിശോധിക്കുന്നതിനിടയിൽ പുതുതായി പൂട്ടുതകർത്ത നിലയിൽ ഒരു മുറികൂടി കണ്ടെത്തുകയായിരുന്നു. തുടർന്ന് മുറിക്കുള്ളിൽ നടത്തിയ പരിശോധനയിലാണ് മുറിയുടെ മൂലയിൽ പതുങ്ങിയിരുന്ന പ്രതിയെ പിടികൂടിയത്. ഇയാളുടെ കൈയ്യിൽ നിന്ന് മുറികളിൽ നിന്ന് മോഷ്ടിച്ച പണവും ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെടുത്തു. 30 ദിവസം മുമ്പ് ട്രെയിനിൽ തമ്പാനൂരിൽ വന്നിറങ്ങിയ ഇയാളെ ക്വാറന്റൈനിൽആക്കുകയായിരുന്നു. ഇയാളുടെ ക്വാറന്റൈൻ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് മോഷണകുറ്റത്തിന് പിടിയിലാകുന്നത്.