തിരുവനന്തപുരം : കൊവിഡ് കാലത്ത് സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കി, സ്വകാര്യ ആശുപത്രികൾ. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ (കാസ്‌പ്) നിന്ന് പിന്മാറുന്നു. വൻ കുകയുടെ കുടിശിക കിട്ടാനുള്ളതാണ് കാരണം.
ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി പ്രകാരം സൗജന്യചികിത്സ ജൂലായ് ഒന്ന് മുതൽ നൽകാനാവില്ലെന്ന് കേരള പ്രൈവറ്റ് ഹോസ്‌പിറ്റൽ അസോസിയേഷൻ സർക്കാറിനെ അറിയിച്ചു. വെള്ളിയാഴ്‌ച മാനേജ്‌മെന്റ് പ്രതിനിധികൾ പ്രത്യേക യോഗം ചേർന്നാണ് പിന്മാറാൻ തീരുമാനിച്ചത്. വിവിധ ആശുപത്രികൾക്കായി 200 കോടിയോളം രൂപ കുടിശികയുണ്ടെന്നാണ് അസോസിയേഷൻ പ്രസിഡന്റ് ഹുസൈൻ കോയതങ്ങൾ മന്ത്രി കെ.കെ.ശൈലജയ്ക്ക് നൽകിയ കത്തിൽ പറയുന്നത്. ഇൻഷ്വറൻസ് കമ്പനിക്ക് സർക്കാർ യഥാസമയം പണം കൈമാറാത്തതാണ് കാരണം. കഴിഞ്ഞസാമ്പത്തിക വർഷത്തെ പദ്ധതി കൊവിഡ് സാഹചര്യത്തിൽ ജൂൺ 30 വരെ നീട്ടിയിരുന്നു. ജൂലായ് ഒന്നുമുതൽ സംസ്ഥാന ആരോഗ്യ ഏജൻസിക്കുകീഴിൽ പദ്ധതി നടത്താനാണ് ആലോചന.
അടുത്ത കൊല്ലത്തേക്ക് നിശ്ചയിച്ചിട്ടുള്ള പുതിയ ചികിത്സാ നിരക്കുകൾ സ്വീകാര്യമല്ലെന്ന്മാനേജ്‌മെന്റുകൾ അറിയിച്ചിരുന്നു. കേന്ദ്രസർക്കാറിന്റെ ആയുഷ്‌മാൻ ഭാരത് പദ്ധതിയുമായി ചേർന്നാണ് സംസ്ഥാനത്ത് കാരുണ്യ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുന്നത്. 45 ലക്ഷത്തോളം ഗുണഭോക്താക്കളാണ് പദ്ധതിയിലുള്ളത്.
കൊവിഡ് കാലത്ത് സ്വകാര്യ ആശുപത്രികളിലും കുറഞ്ഞ നിരക്കിൽ ചികിത്സ ഉറപ്പാക്കുന്നത് സംബന്ധിച്ച് സർക്കാർ സഹകണം തേടിയിരുന്നു. ഇത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് സ്വകാര്യ ആശുപത്രികളുടെ പിന്മാറ്റ നീക്കം.