നാദാപുരം: ടെറസിൽ കഞ്ചാവ് കൃഷി നടത്തിയ വീട്ടുടമസ്ഥനെ പൊലീസ് അറസ്റ്റു ചെയ്തു. കീരിയങ്ങാടി സ്വദേശി കല്ലിങ്ങല്‍ കുനിയില്‍ ബഷീറിനെയാണ് (45) നാദാപുരം സി.ഐ എന്‍. സുനില്‍കുമാര്‍ പിടികൂടിയത്. കടമേരിക്കടുത്ത കീരിയങ്ങാടിയിലുള്ള വീടിന്റെ ടെറസിലാണ് പതിനൊന്ന് കഞ്ചാവ് ചെടികൾ ഗ്രോബാഗിലാക്കി കൃഷി ചെയ്തിരുന്നത്.

ഒന്നര മീറ്ററിലധികം ഉയരമുള്ള മൂന്ന് മാസത്തിലധികം പ്രായമുള്ള ചെടികളാണ് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ബഷീറിന്റെ വീട് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. എസ്.ഐ ബാബു കക്കട്ടില്‍, എ.എസ്.ഐ കെ. മജീദ്, കെ. നന്ദന്‍, എന്‍.പി. നിധീഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.