മലയിൻകീഴ്: വൈദ്യുതിയില്ലാത്തതിനാൽ മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിലിരുന്ന് പഠിച്ചിരുന്ന വിദ്യാർത്ഥികളുടെ വീട്ടിൽ പൊതുപ്രവർത്തകരുടെ ഇടപെടലിൽ കഴിഞ്ഞ ദിവസം വെളിച്ചമെത്തി. മാറനല്ലൂർ അഴകം കൊളപ്പള്ളിവിളാകം വീട്ടിൽ കൂലിപണിക്കാരനായ ഉദയന്റെയും സുനിതയുടെയും മക്കളായ കീർത്തിയും കാർത്തിക്കും വെളിച്ചമില്ലാതെ പഠനത്തിന് ഏറെ ബുദ്ധിമുട്ടിയിരുന്നു. വീടിനടുത്ത് ഇലക്ട്രിക് പോസ്റ്റ് ഉണ്ടായിരുന്നിട്ടും വീട് വയറിംഗ് ചെയ്യുന്നതിനുള്ള പണമില്ലാത്തതിനാൽ ഈ കുടുംബത്തിന് വൈദ്യുതി വെട്ടം അന്യമായിരുന്നു. ഉദയന് രണ്ട് മക്കളുടെ പഠനത്തിനും വീട്ടുകാര്യങ്ങൾക്കും ആവശ്യമായ വരുമാനം ലഭിച്ചിരുന്നില്ല. ഈ ഒരു അവസ്ഥയിൽ അച്ഛനോട് പഠനസൗകര്യമൊരുക്കാൻ പറയാൻ മക്കൾക്കും കഴിയുമായിരുന്നില്ല. അതിനാൽ മണ്ണെണ്ണ വെട്ടത്തിലിരുന്ന് പ്ലസ് വൺ വിദ്യാർത്ഥിനി കീർത്തിയും ആറാം ക്ലാസ് വിദ്യാർത്ഥി കാർത്തിക്കും ഇതുവരെയുള്ള പഠനം പൂർത്തിയാക്കി. എന്നാൽ ഓൺലൈൻ പഠനം വന്നപ്പോൾ വൈദ്യുതി ലഭ്യമാക്കുന്നതിന് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരോട് പറഞ്ഞെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല. വിവരമറിഞ്ഞ പൊതുപ്രവർത്തകൻ നെല്ലിക്കാട് സുരേഷ് ഈ വിഷയം മുൻ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മലയിൻകീഴ് വേണുഗോപാലിന്റെ ശ്രദ്ധയിൽപ്പെടുത്തി. അദ്ദേഹം വീട് സന്ദർശിക്കുകയും അടിയന്തര പ്രാധാന്യത്തോടെ പരിഹാരം കാണുകയും ചെയ്തു. വയറിംഗ് സാധനങ്ങളും പഠനോപകരണങ്ങളും ടിവിയും വീട്ടിലെത്തി.
ഡി.സി.സി മെമ്പർ കാട്ടാക്കട ശരത്ചന്ദ്രൻനായരുടെ നേതൃത്വത്തിൽ സൗജന്യമായി വയറിംഗ് പണിയും പൂർത്തിയാക്കി.ഒറ്റ ദിവസം കൊണ്ട് വൈദ്യുതി കണക്ഷനും ലഭിച്ചു. സൗജന്യമായി കേബിൽ കണക്ഷനും ലഭിച്ചതോടെ
കീർത്തിയും കാർത്തിക്കും വിക്ടേഴ്സ് ചാനലിലൂടെ പാഠഭാഗങ്ങൾ പഠിച്ചു തുടങ്ങി. ഇവരുടെ വീടിന്റെ നവീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി ഏറ്റെടുത്ത് നടത്തുമെന്ന് മലയിൻകീഴ് വേണുഗോപാൽ കേരളകൗമുദിയോട് പറഞ്ഞു.
ദുരിത ജീവിതം
പഞ്ചായത്തിൽ നിന്ന് ലഭിച്ച ഇവരുടെ വീടിന്റെ പണി ഇതുവരെയും പൂർത്തിയാക്കാനായിട്ടില്ല. വീടിന് വാതിലും ജനലുമില്ല. പഠിക്കാനുള്ള മേശയോ കസേരയോ ഇല്ല. അടുക്കള ചോർന്നൊലിക്കുന്നു. ഈ സാഹചര്യത്തിലാണ് കീർത്തിയുടെയും കാർത്തിക്കിന്റെയും പഠനം