കൊച്ചി: ഒരു വശത്ത് കൊവിഡ് ഭീതി. മറുവശത്ത് കത്തുന്ന ഇന്ധന വിലക്കയറ്റം. ഇരുട്ടടി താങ്ങാനാവതെ നെട്ടോട്ടത്തിലാണ് ആട്ടോ തൊഴിലാളികൾ. പ്രതിസന്ധിയുടെ റൂട്ടിലൂടെ മുച്ചക്രമുരുട്ടിയാണ് ഇപ്പോൾ
കുടുംബത്തിന്റെ അരവയറെങ്കിലും നിറയ്ക്കുന്നത്. കുട്ടികൾക്ക് ഓൺലെെൻ പഠനം ആരംഭിച്ചത്തോടെ സാമ്പത്തിക ബുദ്ധിമുട്ട് ഇരട്ടിയായി. ഇൻഷ്വറൻസ്, പൊലൂഷൻ എന്നിവ പുതുക്കലും ദുരിതത്തിന്റെ ആക്കം കൂട്ടുകയാണ്. ജൂലായ് മുതൽ മീറ്റർ സീലിംഗ് നിർബന്ധമാക്കിയിട്ടുണ്ട്. ഈ അവസ്ഥയിൽ അതിനും പണവും കണ്ടെത്തണം.
വായ്പാ തിരിച്ചടവാണ് തൊഴിലാളികൾ നേരിടുന്ന മറ്റൊരു ബുദ്ധിമുട്ട്. ശരാശരി 3000 രൂപയാണ് പ്രതിമാസ അടവ്. ഇതെല്ലാം ഒന്ന് വന്നതോടെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പരക്കം പായുകയാണ് ആട്ടോ തൊഴിലാളികൾ. രാവിലെയും വെെകീട്ടും ഉണ്ടായിരുന്ന സ്കൂൾ ഓട്ടം നിലച്ചത് കനത്ത തിരിച്ചടിയായെന്ന് തൊഴിലാളികൾ പറയുന്നു. രണ്ടോ മൂന്നോ മണിക്കൂർ സമയത്തെ ഓട്ടം വലിയ ആശ്വാസമായിരുന്നു. സൗജന്യറേഷനും പലവ്യഞ്ജന കിറ്റുമാണ് സർക്കാരിൽ നിന്ന് ലഭിച്ച ഏക സഹായം. ക്ഷേമനിധി വിഹിതം കൃത്യമായി അടക്കുന്നുണ്ടെങ്കിലും സഹായങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. സർക്കാരിൽ നിന്ന് നിരവധി വാഗ്ദാനങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും അതൊന്നും പ്രാവർത്തികമാവുന്നില്ലെന്ന ആക്ഷേപവും തൊഴിലാളികൾക്കുണ്ട്.
വരുമാനം 40%
സ്വന്തമായി വണ്ടിയില്ലാതെ വാടകക്ക് ഓട്ടോ ഓടിക്കുന്നവരാണ് ജില്ലയിലെ 40 ശതമാനത്തോളം ആട്ടോ തൊഴിലാളികൾ. 250 രൂപ ഉടമക്ക് നൽകണം. ഇന്ധനത്തിനും ഇത്രയും തുക വേണം. നിലവിൽ12 മണിക്കൂർ ഓടിയിട്ടും 200 രൂപ പോലും വരുമാനം ലഭിക്കാത്ത അവസ്ഥയാണ്.
ഓട്ടമില്ല
ലോക്ക്ഡൗൺ ഇളവുകൾ അനുവദിച്ചെങ്കിലും വലിയ ഓട്ടം ലഭിക്കുന്നില്ല. അടിക്കടി പെട്രോൾ, ഡീസൽ വില വർദ്ധിക്കുന്നത് സാധാരണക്കാരായ ഓട്ടോ തൊഴിലാളികളുടെ നെഞ്ചിൽ കത്തി വെക്കുന്നതിന് തുല്യമാണ്. ദിവസം 200 രൂപ പോലും ഓടികിട്ടുന്നില്ല. വില വർദ്ധന താങ്ങാവുന്നതിലും അപ്പുറമാണ്.
കെ.എ മുജീബ് റഹ്മാൻ,
ഓട്ടോ തൊഴിലാളി