covid-19

തിരുവനന്തപുരം: ആറുമാസമായി സംസ്ഥാനത്ത് മാനസികാരോഗ്യപ്രവർത്തകർക്ക് ശമ്പളമില്ല. മാനസികാരോഗ്യ പരിപാലന പരിപാടിയുടെ ഭാഗമായി ജില്ലകൾ തോറുമുള്ള പകൽവീട് ,​പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ മെന്റൽ ഹെൽത്ത് ക്ളിനിക്കുകൾ എന്നിവയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡോക്ടർമാർ മുതൽ അറ്റൻഡർമാർ വരെയുള്ള അഞ്ഞൂറോളം ജീവനക്കാരാണ് ശമ്പളവും ആനുകൂല്യങ്ങളുമില്ലാതെ കഷ്ടപ്പെടുന്നത്.

പ്ളാൻ ഫണ്ടിൽ നിന്ന് മാനസികാരോഗ്യ പരിപാലന പദ്ധതിക്ക് ആവശ്യമായ തുക വകയിരുത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. മനോരോഗ വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന നഴ്സുമാർ,​ സൈക്കാട്രിക് സോഷ്യൽ വർക്കർ,​ കരാറടിസ്ഥാനത്തിലുള്ള ഡോക്ടർമാർ,​ ക്ളിനിക്കൽ സൈക്കോളജിസ്റ്റ് എന്നിവർക്കാണ് കഴിഞ്ഞ ഫെബ്രുവരി മുതൽ ശമ്പളമില്ലാത്തത്. സംസ്ഥാനത്ത് നിർദ്ധന കുടുംബങ്ങളിൽ നിന്നുള്ളവരുൾപ്പെടെ മാനസിക വെല്ലുവിളി നേരിടുന്നവർക്ക് പരിചരണവും, സൗജന്യ ചികിത്സയും ലഭ്യമാക്കുന്ന പദ്ധതിയായിരുന്നു ഇത്.

സംസ്ഥാനത്ത് രണ്ടായിരത്തിലധികം പേർ പദ്ധതി പ്രയോജനപ്പെടുത്തി വരുമ്പോഴാണ് ജീവനക്കാർക്ക് ശമ്പളമില്ലാത്ത സാഹചര്യമുണ്ടായത്.മാനസിക വെല്ലുവിളി നേരിടുന്നവരെ കണ്ടെത്തി, അവർക്ക് കൗൺസിലിംഗും വൈദ്യസഹായവും സൗജന്യ മരുന്നുകളും നൽകുന്ന പദ്ധതി മാനസികാരോഗ്യ പരിപാലനരംഗത്ത് പ്രശംസനീയമായ സേവനമാണ് കാഴ്ചവച്ചിരുന്നത്. ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിലായിരുന്നു പകൽവീടുകളുടെയും മറ്റും പ്രവർത്തനം.

വീട്ടിലെ സമ്മർദ്ദങ്ങളിൽ നിന്നൊഴിഞ്ഞ് മറ്റുള്ളവരുമായി ഇടപെടാനും മാനസിക സംഘ‌ർഷങ്ങൾ ലഘൂകരിക്കാനും കഴിഞ്ഞിരുന്ന പകൽ വീടുകളിലാണ് പകൽ സമയം രോഗികൾ കഴിച്ചുകൂട്ടിയിരുന്നത്. മാനസികാരോഗ്യത്തിനൊപ്പം ഇവരുടെ പൊതുവായ ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണാനും പദ്ധതി സഹായകമായിരുന്നു. കൊവിഡ് തുടങ്ങിയതോടെ മാനസികാരോഗ്യ വിഭാഗത്തിലെ നഴ്സുമാർ,​ഡോക്ടർമാർ,​ കൗൺസിലർമാർ,​ അറ്റൻഡർ തുടങ്ങിയ ജീവനക്കാരെ മനോരോഗികളുടെ പരിപാലന ചുമതലകൾക്കൊപ്പം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും നിയോഗിച്ചെങ്കിലും, ശമ്പളമോ മറ്ര് ആനുകൂല്യങ്ങളോ ലഭ്യമാക്കാൻ നടപടിയുണ്ടായില്ല. ലോക്ക് ഡൗൺ കാലത്ത് സ്വന്തം വാഹനങ്ങളിലെത്തി രോഗികളെ പരിചരിച്ച ജീവനക്കാരാണ് മാസങ്ങളായി ശമ്പളം കുടിശികയായതോടെ നിത്യവൃത്തിക്ക് നിവൃത്തിയില്ലാതെ ഇപ്പോൾ ദുരിതത്തിലായത്. ആരോഗ്യ മന്ത്രിയോ വകുപ്പ് ഡയറക്ടറോ ഇടപെട്ട് ശമ്പളക്കുടിശികയ്ക്ക് പരിഹാരം കാണണമെന്നാണ് ജീവനക്കാരുടെ ആവശ്യം.