വെഞ്ഞാറമൂട് : കൊവിഡ് സമൂഹ വ്യാപനത്തിനുള്ള എല്ലാ പഴുതുകളും ഇല്ലാതാക്കി ജാഗ്രത ശക്തമാക്കുന്ന പൊലീസിനെ സഹായിക്കാൻ നിർഭയ വോളണ്ടിയർമാരും രംഗത്ത്. ആദ്യ ഘട്ടമായി തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസിന്റെ നിയന്ത്രണത്തിലുള്ള നിർഭയ യൂണിറ്റിന്റെ നേതൃത്വത്തിൽ വെഞ്ഞാറമൂട് ജംഗ്ഷനിൽ പൊതുജനങ്ങൾക്കായി പ്രതിരോധ ഉപകരണങ്ങളുടെ വിതരണവും ബോധവത്കരണവും സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ എത്തിയവർക്ക് വേണ്ട മാർഗ നിർദ്ദേശങ്ങൾ നൽകുകയും, മാസ്കും സാനിറ്റൈസറും ഉൾപ്പെടെയുള്ള പ്രതിരോധ ഉപകരണങ്ങൾ സൗജന്യമായി നൽകുകയും ചെയ്തു. കൂടാതെ നിരീക്ഷണത്തിൽ കഴിയുന്നവരെ സന്ദർശിക്കുകയും ബോധവത്കരണം നടത്തുകയും ചെയ്തു. സീനിയർ സിവിൽ പൊലീസ് ഓഫീസർ സഫീജ, നിർഭയ വോളണ്ടിയർമാരായ ഹസീന ബീഗം, എസ്. മഞ്ജു, ശ്രീജ, ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർ സുനീർ, ജനമൈത്രി പൊലീസ് കോ-ഓർഡിനേറ്റർ ഷെരീർ വെഞ്ഞാറമൂട് തുടങ്ങിയവർ നേതൃത്വം നൽകി.