നെയ്യാറ്റിൻകര: നഗരസഭാ കൗൺസിൽ യോഗം കഴിഞ്ഞ് പുറത്തേക്കിറങ്ങിയ നഗരസഭാ ചെയർപേഴ്സണും പ്രതിപക്ഷ നേതാവും തമ്മിലുണ്ടായ അടിപിടിയെ തുടർന്ന് രണ്ടു പേർക്കുമെതിരെ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു. നെയ്യാറ്റിൻകര നഗരസഭാ ചെയർപേഴ്സൻ ഡബ്ളിയു.ആർ.ഹീബയ്ക്കും പ്രതിപക്ഷ നേതാവും കോൺഗ്രസ് കൗൺസിലറുമായ ലളിതാ സോളമനുമെതിരെയാണ് കേസെടുത്തത്.
ലളിതാ സോളമനെ പിടിച്ചുതള്ളി പരിക്കേൽപ്പിച്ചതിന് ഹീബയ്ക്കെതിരെയും, ഹീബയുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തി യതിനും ആക്രമിച്ചതിനുമാണ് ലളിതയ്ക്കെതിരെയും കേസ്. വെള്ളിയാഴ്ച രാവിലെ 11 മണിയോടുപ്പിച്ച് നെയ്യാറ്റിൻകര നഗരസഭാ ഹാളിന് സമീപം വച്ചായിരുന്നു അനിഷ്ട സംഭവങ്ങൾ. കൗൺസിൽ യോഗം കഴിഞ്ഞ് ഹാളിൽ നിന്ന് ഇറങ്ങി വരികയായിരുന്ന ഹീബയെ ലളിതാ സോളമൻ തടഞ്ഞു. ലളിതയെ പിടിച്ചുതള്ളിയ ഹീബ അവരുടെ പുറത്തേക്ക് ബോധരഹിതയായി വീഴുകയായിരുന്നു.വീഴ്ചയിൽ ഹീബയുടെ കണ്ണിന് പരിക്കേറ്റു. ഓപ്പറേഷൻ കഴിഞ്ഞിരുന്ന കണ്ണായതിനാൽ ഉടൻ തന്നെ തിരുവനന്തപുരത്തെ കണ്ണാശുപത്രിയിൽ എത്തിക്കുകയായിരുന്നു. അവിടെ നിന്നു തിരികെ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവരേയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും അവിടെ നിന്നു നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലും വെള്ളിയാഴ്ച രാത്രി തന്നെ കൊണ്ടു വന്നിരുന്നു.