തിരുവനന്തപുരം: കൊവിഡിനെത്തുടർന്ന് കൈത്തറി മേഖലയിലുണ്ടായ പ്രതിസന്ധി മറികടക്കാൻ സർക്കാർ 20 ശതമാനം പ്രത്യേക റിബേറ്റ് അനുവദിച്ചു. കൈത്തറി സംഘങ്ങൾ, ഹാൻടെക്സ്, ഹാൻവീവ് എന്നിവരുടെ ഉൽപ്പന്നങ്ങൾക്ക് റിബേറ്റ് ലഭിക്കും. ജൂലൈ ഒന്നുമുതൽ 20 വരെയാണ് ആനുകൂല്യം. ഉൽപ്പന്നങ്ങൾ ഓൺലൈനായും ലഭിക്കും. റിബേറ്റ് വിൽപ്പനയുടെ ഉദ്ഘാടനം ജൂലൈ ഒന്നിന് വ്യവസായമന്ത്രി ഇ.പി ജയരാജൻ നിർവഹിക്കും. ലോക്‌ഡൗണായതിനാൽ വിഷുവിനും റംസാനും റിബേറ്റ് മേളകൾ സംഘടിപ്പിക്കാനായില്ല. 14 ദിവസത്തെ റിബേറ്റ് വിൽപ്പനയാണ് ഇതുവഴി നഷ്ടമായത്. ഇത് മറികടക്കാനാണ് പ്രത്യേക റിബേറ്റ്.
കൈത്തറി സംഘങ്ങൾക്ക് നേരിട്ട് റിബേറ്റ് വിൽപ്പന നടത്താം. ഹാൻടെക്സിന് 90ഉം ഹാൻവീവിന് 46ഉം ഷോറൂമുകൾ സംസ്ഥാനത്തുണ്ട്. കൈത്തറി സംഘങ്ങൾ ഉൾപ്പെടെ 400 കേന്ദ്രംവഴി വിപണനം നടത്തും. സഹകരണ സംഘങ്ങൾ ഡോർ ഡെലിവറിയും നടത്തും. ഓഫീസുകൾ, നഗരങ്ങൾ കേന്ദ്രീകരിച്ച് വാഹനങ്ങളിൽ വിപണനം നടത്തും. സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചാകും വിൽപ്പന.