വക്കം: വക്കം റൂറൽ ഹെൽത്ത് സെന്ററിന് മുന്നിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് മാറ്റി സ്ഥാപിക്കണമെന്ന് പരക്കെ ആവശ്യം. ആശുപത്രിയുടെ മുന്നിൽ നിൽക്കുന്ന കൂറ്റൻ തണൽ മരത്തിന് താഴെയാണിപ്പോൾ ലക്ഷങ്ങൾ ചെലവഴിച്ച് ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത്.
ബി. സത്യൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 4,56,946 രൂപ ചെലവഴിച്ചാണിവിടെ ലൈറ്റ് സ്ഥാപിച്ചത്. എന്നാൽ ലൈറ്റിന്റെ പ്രവത്തനോദ്ഘാടനം ഇനിയും നടത്തിട്ടില്ല. വലിയ തണൽ മരത്തിനിടയിൽ സ്ഥാപിച്ച ഇരുമ്പ് പൈപ്പിൽ മുഴുവൻ ലൈറ്റ് പോലും സ്ഥാപിക്കാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ. ആറ് ലൈറ്റ് സ്ഥാപിക്കേണ്ട സ്ഥാനത്ത് നാല് ലൈറ്റ് മാത്രമേ ഇപ്പോൾ സ്ഥാപിച്ചിട്ടുള്ളൂ. രണ്ട് ലൈറ്റിന്റെ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. തണൽ മരത്തിന്റെ ശിഖരങ്ങൾ താഴ്ന്ന് നിൽക്കുന്നതാണ് ലൈറ്റ് സ്ഥാപിക്കാതിരിക്കുന്നതിന് കാരണം. മഴയിലോ, കാറ്റിലോ മരത്തിന്റെ ശിഖരങ്ങൾ ഒടിഞ്ഞു വീണാൽ ലൈറ്റ് അപകടാവസ്ഥയിലും, പ്രവർത്തിക്കാത്ത അവസ്ഥയിലാകുമെന്ന് നാട്ടുകാർ പറഞ്ഞു. വക്കം റുറൽ ഹെൽത്ത് സെന്ററിന് മുന്നിൽ രാത്രി കാലങ്ങളിൽ വെളിച്ചം അനിവാര്യമാണ്. എന്നാൽ ഇപ്പോൾ സ്ഥാപിച്ച ലൈറ്റ് ഉദ്ദേശിച്ച ഫലം കിട്ടില്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം. ഉദ്ഘാടനത്തിന് മുൻപ് തന്നെ ലൈറ്റ് മാറ്റി സ്ഥാപിച്ചില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടികളുമായി രംഗത്ത് വരുമെന്ന് ബി.ജെ.പി വക്കം മണ്ഡലം പ്രസിഡന്റ് സജി ശശിധരൻ അറിയിച്ചു.