ആറ്റിങ്ങൽ: മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് അറ്റിങ്ങൽ നഗരസഭാ പരിധിയിൽ ഹോം ക്വാറന്റൈനിൽ കഴിയുന്നവരെ തടസപ്പെടുത്താനുള്ള ശ്രമത്തെ ശക്തമായി നേരിടുമെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും നഗരസഭാ ചെയർമാൻ എം.പ്രദീപ് അറിയിച്ചു.

പ്രവാസികളായി എത്തുന്നവർക്ക് സ്വന്തം വീടുകളിലൊ സൗകര്യപ്പെടുത്തുന്ന മറ്റ് വീടുകളിലൊ കേന്ദ്രങ്ങളിലൊ ആയിരിക്കും ക്വാറന്റൈൻ ഒരുക്കുന്നത്.

ചില കേന്ദ്രങ്ങളിൽ ആളുകൾ സംഘടിതമായി ഇത് എതിർക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. എന്തിന്റെ പേരിലായാലും ആരുടെ ഭാഗത്ത് നിന്നു തടസമുണ്ടായാലും ശക്തമായ നടപടിയുണ്ടാകുമെന്നും വേണ്ടി വന്നാൽ പൊലീസിന്റെ സഹായവും തേടുമെന്നും ചെയർമാൻ പറഞ്ഞു.

ക്വാറന്റൈൻ കേന്ദ്രങ്ങളിലായാലും സമീപത്തായാലും എല്ലാ സുരക്ഷാ സംവിധാനങ്ങളും പ്രതിരോധ നടപടികളും സ്വീകരിക്കും. ഏത് സാഹചര്യത്തേയും നേരിടാനുള്ള കരുതൽ നഗരസഭയുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്. എന്തെങ്കിലും വിവരം അറിയിക്കാനോ അറിയാനോ ഉണ്ടെങ്കിൽ നഗരസഭയിലോ വലിയകുന്ന് താലൂക്കാശുപത്രിയിലൊ ആശാവർക്കർമാർ ഉൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകരെയൊ സമീപിക്കണം. എല്ലാപേരുടേയും ഒറ്റക്കെട്ടായ ശ്രമം ഉണ്ടെങ്കിലേ കൊവിഡ് നിയന്ത്രിക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.