തിരുവനന്തപുരം: ഗുരുതരമായി കൊവിഡ് രോഗം ബാധിക്കാത്തവരെ വീട്ടിൽത്തന്നെ നിരീക്ഷിച്ച് ചികിത്സിക്കുന്നതിനുള്ള സാധ്യതകളെ കുറിച്ച് സർക്കാർ ചിന്തിക്കുന്നതായി വിവരം. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ക്രമത്തിലേറെ കൂടുന്ന സാഹചര്യത്തിലാണ് ഇൗ നടപടി. കുറച്ചുദിവസങ്ങളിലായി സംസ്ഥാനത്ത് പ്രതിദിനം രോഗം ബാധിക്കുന്നത് നൂറിലധികം പേർക്കാണ്. ഇതിനൊപ്പം ഉറവിടമറിയാത്ത രോഗികളുടെ എണ്ണവും വർദ്ധിച്ചു വരികയാണ്.
ആഗസ്റ്റ് മധ്യത്തോടെ രോഗികൾ 12,000 ത്തിന് മുകളിൽ എത്താമെന്നും വിലയിരുത്തലുണ്ടായിരുന്നു. ഈ നിലയിലേക്കെത്തിയാൽ ആശുപത്രികൾ നിറയുന്നത് ഒഴിവാക്കാനാണ് മുൻകൂട്ടിയുള്ള ഒരുക്കം. കൊവിഡ് ഗുരുതരമായി ബാധിക്കാവുന്നത് 3 മുതൽ 5 ശതമാനം പേരെ മാത്രമാണെന്നിരിക്കെ ആശുപത്രികളിൽ ഇവർക്കാകും മുൻഗണന നൽകുക.അല്ലാത്തവരെ വീട്ടിൽ സർക്കാർ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ചികിത്സിക്കുവാനുമാണ് സർക്കാരിന്റെ ആലോചന.