photo

പാലോട്: രണ്ടു കോടി രൂപ ചെലവഴിച്ച് പെരിങ്ങമ്മല പഞ്ചായത്തിലെ കരിമൺകോട് മുക്കാൻ തോട്ടിൽ ജില്ലാ പഞ്ചായത്തിന്റെ ഫണ്ടിൽ ശാന്തികുടീരമൊരുങ്ങുന്നു. അന്ത്യവിശ്രമത്തിനായി സ്വന്തം വീടിന്റെ ഉമ്മറവും അടുക്കളയും വരെ പൊളിച്ച് മൃതദേഹം ദഹിപ്പിക്കാൻ വിധിക്കപ്പെട്ട സാധാരണക്കാരന്റെ പ്രതീക്ഷയ്ക്കനുസരിച്ച് തന്നെയാണ് ശാന്തികുടീരം പൂർത്തിയാകുന്നത്. മനോഹരമായ ഗേറ്റും പുന്തോട്ടവും സെക്യൂരിറ്റിക്കു വേണ്ടിയുള്ള സ്ഥലവും ഓഫീസും മൃതദേഹത്തിന് അന്ത്യോപചാരം അർപ്പിക്കാനുള്ള സ്ഥലവും ദഹിപ്പിക്കാനുള്ള സ്ഥലവും ചേർന്ന് 50 സെന്റിനുള്ളിൽ മനോഹരമായാണ് ശാന്തികുടീരത്തിന്റെ ജോലികൾ പൂർത്തിയായിവരുന്നത്. ഗ്യാസിലാണ് മൃതദേഹദഹനം. നന്ദിയോട്, പെരിങ്ങമ്മല, വിതുര, തൊളിക്കോട്, പനവൂർ ,പാങ്ങോട് എന്നീ പഞ്ചായത്തുകളിലെ സാധാരണക്കാർക്ക് ശാന്തികുടീരം പൂർത്തിയാകുന്നതോടെ ഉറ്റവരുടെ അന്ത്യയാത്രയ്ക്ക് സ്ഥലപരിമിതി തടസമാകില്ല. 95 ശതമാനത്തോളം ജോലികളും പൂർത്തിയായിക്കഴിഞ്ഞു. ഒരു മാസത്തിനുള്ളിൽ പൊതുജനങ്ങൾക്കായി ശാന്തികുടീരം തുറന്ന് കൊടുക്കാനുള്ള പരിശ്രമത്തിലാണ് ഇനിയുള്ള ജോലികൾ പുരോഗമിക്കുന്നത്.