ഗയ: ചൈന നടത്തുന്ന അതിക്രമങ്ങൾക്ക് മറുപടിയുമായി ഹോട്ടൽ, റെസ്റ്റോറന്റ് ഉടമകളും രംഗത്ത്. ഡൽഹിയ്ക്കും മഥുരയ്ക്കും പിന്നാലെ ബീഹാറിലെ ബോധ് ഗയയിലെ ഹോട്ടലുകളിൽ ചൈനീസ് പൗരന്മാരെ കയറ്റില്ല.
മൂവായിരത്തിലധികം ബഡ്ജറ്റ് ഹോട്ടലുകളെയും നഗരത്തിലെ 75,000 മുറികളുള്ള ഗസ്റ്റ് ഹൗസുകളെയും പ്രതിനിധീകരിക്കുന്ന ഡൽഹി ഹോട്ടൽസ് ആൻഡ് റെസ്റ്റോറന്റ് ഓണേഴ്സ് അസോസിയേഷൻ ചൈനീസ് പൗരന്മാർക്ക് താമസ സൗകര്യം നൽകേണ്ടതില്ലെന്ന് തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് ബീഹാറിലെ ഹോട്ടലുടമകളും സമാന തീരുമാനവുമായി രംഗത്തെത്തിയത്.
നേരത്തെ, ചൈനയിൽ നിന്നുള്ള സാധനങ്ങൾ ബഹിഷ്‌കരിക്കുമെന്നും ചൈനീസ് പൗരന്മാർക്ക് താമസസൗകര്യം അനുവദിക്കില്ലെന്നും പ്രഖ്യാപിച്ച് മേഖലയിലെ 125 ഓളം ഹോട്ടലുകളെയും ഗസ്റ്റ് ഹൗസുകളെയും പ്രതിനിധീകരിക്കുന്ന മഥുര വൃന്ദാവൻ ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ സമാനമായ വികാരങ്ങൾ പ്രകടിപ്പിച്ചിരുന്നു.
അംഗങ്ങൾ ബുക്കിംഗ് എടുക്കുകയോ ചൈനീസ് പൗരന്മാരെ സേവിക്കുകയോ ചെയ്യില്ലെന്ന് ഡൽഹി ഹോട്ടൽസ് ആൻഡ് റെസ്റ്റോറന്റ് ഓണേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി മഹേന്ദ്ര ഗുപ്ത പറഞ്ഞു. തങ്ങളുടെ സ്ഥാപനങ്ങളിൽ ചൈനീസ് ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് നിറുത്തുമെന്നും അദ്ദേഹം പറഞ്ഞു.
7,000 വ്യാപാരികൾ ഉൾപ്പെടുന്ന ഒരു ട്രേഡേഴ്സ് അസോസിയേഷനായ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് ചൈനീസ് ഉത്പന്നങ്ങളുടെ വിപണനം നിറുത്താൻ തീരുമാനിച്ചു.