ന്യൂഡൽഹി:മുൻ എം.പിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അഹമ്മദ് പട്ടേലിന്റെ ഡൽഹിയിലെ വസതിയിൽ ഇന്ന് എൻഫോഴ്‌സ്‌മെന്റ് പരിശോധന നടത്തി. സ്റ്റെർലിംഗ് ബയോട്ടെക്കുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലാണ് പരിശോധനയെന്നും അഹമ്മദ് പട്ടേലിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തെന്നുമാണ് റിപ്പോർട്ട്. സ്റ്റെർലിംഗ് ബയോടെക് 8100 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് ആരോപണം.
ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് അധികൃതർ നേരത്തെ അഹമ്മദ് പട്ടേലിന് നോട്ടീസ് അയച്ചിരുന്നു. എന്നാൽ, മുതിർന്ന പൗരനായതിനാൽ കൊവിഡ് മാർഗനിർദ്ദേശങ്ങൾ കാരണം ചോദ്യംചെയ്യലിന് എത്താൻ കഴിയില്ലെന്ന് അദ്ദേഹം മറുപടി നൽകിയിരുന്നു.തുടർന്നാണ് എൻഫോഴ്‌സ്‌മെന്റ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. ഈ കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ മകനേയും മരുമകനേയും നേരത്തെ ചോദ്യം ചെയ്തിട്ടുണ്ട്.