photo

പാലോട്: പെരിങ്ങമല പഞ്ചായത്തിലെ മലയോര മേഖലയിൽ ആനശല്യം രൂക്ഷമാകുന്നു. വൈകുന്നേരം 5 മണി കഴിഞ്ഞാൽ വീടിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയായിട്ടുണ്ട്. നിരവധി സമരങ്ങളും ധർണ്ണകളും നിവേദനം നൽകലുമൊക്കെ നടന്നെങ്കിലും വനം വകുപ്പ് യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. ആന വീടിന് സമീപത്ത് എത്തുമ്പോൾ വനം വകുപ്പിനെ അറിയിക്കുന്നു. അഞ്ചോ ആറോ ജീവനക്കാർ എത്തിയാലും ഒറ്റയാൻ ആനയെ തുരത്താൻ കഴിയില്ല. കഴിഞ്ഞ ദിവസം ഇറങ്ങിയ ഒറ്റയാൻ ആനക്ക് ശരീരത്തിൽ എന്തോ മുറിവ് പറ്റിയിട്ടുണ്ട് എന്ന് നാട്ടുകാർ പറയുന്നു. കൂട്ടമായും ഒറ്റക്കും എത്തുന്ന ആനകൾ കൃഷിയിടം നശിപ്പിക്കുന്നതുപോലെ കോഴിക്കൂടും വീടിന്റെ വർക്ക് ഏരിയ പോലും നശിപ്പിക്കുന്നുണ്ട്. സെന്റ് മേരീസിൽ കുഞ്ഞിന് ഭക്ഷണം കൊടുത്തു കൊണ്ടിരുന്ന വീട്ടമ്മയെ തുമ്പിക്കൈ കൊണ്ട് ഓടിച്ചതും കഴിഞ്ഞ ദിവസമാണ്. കാട്ടുപോത്ത്, പന്നി, മ്ലാവ്, കേഴയാട്, കുരങ്ങ് തുടങ്ങിയ വന്യ ജീവികളുടെ ശല്യവും ഈ ഭാഗങ്ങളിൽ രൂക്ഷമാണ്. ഇവയുടെ നിരന്തര ഉപദ്രവം കാരണം വനം വകുപ്പ് ഓഫീസിലും പഞ്ചായത്തിലും പരാതികൾ നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. പല കർഷകരും വന്യമൃഗ ശല്യം കാരണം കൃഷി പൂർണമായും ഉപേക്ഷിച്ചു. ഈ സ്ഥലങ്ങളെല്ലാം ഇപ്പോൾ കാട്ടുമൃഗങ്ങളുടെ കേന്ദ്രമായി മാറി. കാട്ടാന ശല്യം അധികം രൂക്ഷമല്ലാതിരുന്ന പ്രദേശങ്ങളായ ഇടവം, കോളച്ചൽ, കൊച്ചുവിള, സെന്റ് മേരീസ് എന്നിവിടങ്ങളിലെ വീടുകളും ആരാധനാലയങ്ങളും വരെ ആന തകർത്തിരിക്കുകയാണ്. പ്ലാവോ, മരച്ചീനിയോ, തെങ്ങോ മതിലിനുള്ളിൽ നിന്നാൽ പോലും മതിൽ തകർത്ത് അകത്തു കയറി ഭക്ഷിക്കുകയാണ് ആനകളുടെ പതിവ്. ആനകൾ കടന്നു വരുന്ന വഴികളിൽ അടിയന്തരമായി കിടങ്ങുകൾ എടുത്ത് ആനകൾ ജനവാസമേഖലയിലേക്ക് കടക്കുന്നത് തടയാനുള്ള നടപടികളും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. നടപടികൾ ഉടൻ ഉണ്ടായില്ലെങ്കിൽ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് നാട്ടുകാർ അറിയിച്ചു. ആനയുടെ അക്രമണത്തെ പേടിച്ച് കർഷകർ നൂറ് കണക്കിന് കുലയ്ക്കാറായ വാഴകളാണ് വെട്ടി നശിപ്പിച്ചത്. ആദിവാസി മേഖലകളിൽ ചിലയിടങ്ങളിൽ സോളാർ വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും പല സ്ഥലങ്ങളിലും പ്രവർത്തനക്ഷമമല്ല. വന്യ ജീവികളെ കാട്ടിലേക്ക് വിരട്ടി അയയ്ക്കുന്ന റാപ്പിഡ് റെസ്പോൺസ് ടീമിന്റെ സേവനവും ഇവിടങ്ങളിൽ ലഭിക്കുന്നില്ല.

. യാതൊരു നടപടിയും സ്വീകരിക്കാതെ വനം വകുപ്പ്

. കൃഷിയിടത്തിലും പുരയിടത്തിലും ശല്യം

. കർഷകർ കൃഷി ഉപേക്ഷിക്കുന്നു.

. മനുഷ്യർക്ക് നേരെയും ഉപദ്റവം

. സോളാർ വേലി പലയിടങ്ങളിലും പ്രവർത്തനനിരതം

. റാപ്പിഡ് റെസ്പോൺസ് ടീം സേവനവും ലഭ്യമല്ല.