തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീടുകളിലിരുന്ന് പഠനം നടത്താൻ തുടങ്ങിയ ഓൺലൈൻ ക്ലാസുകളിൽ ഇംഗ്ളീഷ് മീഡിയം വിദ്യാർത്ഥികളെ അപ്പാടെ തഴഞ്ഞു.
സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ഇംഗ്ലീഷ് മീഡിയത്തിൽ ഏകദേശം 16 ലക്ഷത്തോളം വിദ്യാർത്ഥികൾ ഒന്ന് മുതൽ 10 വരെയുള്ള ക്ലാസുകളിലായി പഠിക്കുന്നുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥികളുടെ 40 ശതമാനത്തോളം വരും ഇവർ.
മറ്റ് സിലബസുകളിൽ പഠിച്ചശേഷം പൊതുവിദ്യാലയങ്ങളിലെ ഇംഗ്ലീഷ് മീഡിയത്തിലേക്ക് വന്ന ആയിരക്കണക്കിന് വിദ്യാർത്ഥികളുണ്ട്. ചെറിയ ക്ലാസുമുതൽ ഇംഗ്ലീഷിൽ പഠിച്ചുവന്ന ഇവർക്ക് മലയാളത്തിലുള്ള ക്ലാസുകൾ പൂർണമായി മനസിലാക്കാൻ കഴിയുന്നില്ല.സയൻസ് വിഷയങ്ങളിലാണ് കൂടുതൽ പ്രതിസന്ധി. ക്ലാസ് അദ്ധ്യാപകർ വാട്‌സ് ആപ്പ് വഴി നൽകുന്ന നിർദേശങ്ങളും നോട്ടുകളുമാണ് ആശ്രയം. ഇത് പൂർണമല്ല.പാഠപുസ്തകങ്ങൾ പൂർണമായും ലഭിക്കാത്തതിന്റെ ബുദ്ധിമുട്ടുണ്ട്.
അദ്ധ്യാപകരില്ലാതെ
ആയിരക്കണക്കിന് അദ്ധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഇതുകാരണം വിദ്യാർത്ഥികൾക്ക് സംശയനിവാരണത്തിന് ബുദ്ധിമുട്ട് നേരിടുന്നു.
920 പ്രൈമറി സ്കൂളുകളിൽ പ്രഥമാദ്ധ്യാപകരില്ല. ഓൺലൈൻ പഠനം ഏകോപിപ്പിക്കാൻ ചുമതലയുള്ള ഇവരുടെ അഭാവം പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.
''മലയാളത്തിൽ സംപ്രേഷണം ചെയ്യുന്ന ക്ലാസുകളിൽ അവർക്കാവശ്യമുള്ള പദങ്ങളുടെ ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിക്കുന്നുണ്ട്. രണ്ട് ഭാഷകളിലും ക്ലാസുകൾ നടത്താൻ പ്രായോഗിക ബുദ്ധിമുട്ടുണ്ട്.''
- പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ്