തിരുവനന്തപുരം: തുടർച്ചയായി ഇന്ധനവില വർദ്ധിപ്പിച്ച് പകൽക്കൊള്ള നടത്തുന്ന കേന്ദ്രസർക്കാരിന്റെ നടപടിക്കെതിരെ കോൺഗ്രസ് നടത്തുന്ന പ്രത്യക്ഷസമരങ്ങളുടെ ഭാഗമായി എ.ഐ.സി.സി ആഹ്വാനപ്രകാരം നാളെ പഞ്ചായത്ത് തലത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് മുമ്പിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കൊവിഡ് പ്രോട്ടോക്കാൾ കർശനമായി പാലിച്ച് പ്രതിഷേധ ധർണ സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി.അനിൽകുമാർ അറിയിച്ചു.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി തുടങ്ങിയവർ തിരുവന്തപുരത്ത് പങ്കെടുക്കും. എം.പിമാർ,എം.എൽ.എമാർ കെ.പി.സി.സി ഭാരവാഹികൾ,ഡി.സി.സി പ്രസിഡന്റുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാകും ജില്ലകളിലെ ധർണ. ഇന്ധനവില വർദ്ധനവിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് രാഷ്ട്രപതിക്കുള്ള നിവേദനം ജില്ലാ തലത്തിൽ കളക്ടർമാർക്ക് സമർപ്പിക്കും.
കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് വില കൂടിയപ്പോൾ വർദ്ധിപ്പിച്ച വിലയുടെ നികുതി വേണ്ടെന്ന് വച്ച് 619.17 കോടി രൂപയുടെ ആശ്വാസമാണ് കേരളത്തിലെ ജനങ്ങൾക്ക് നൽകിയത്. അതേ മാതൃക പിന്തുടരാൻ കേരള സർക്കാർ തയ്യാറാവണം.മൂന്ന് മാസം കൊണ്ട് ഇന്ധനവിലയിലൂടെ 2.5 ലക്ഷം കോടി ശേഖരിച്ച് മോദി സർക്കാർ ജനങ്ങളെ കൊള്ളയടിച്ചു. ഇന്ധനവില വർദ്ധനവ് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്നും അനിൽ കുമാർ ആരോപിച്ചു.