ലിമ : ലാറ്റിനമേരിക്കയിൽ കൊവിഡ് വൈറസ് വ്യാപനം തടയാൻ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ആദ്യമായി നടപ്പാക്കിയ രാജ്യങ്ങളിൽ ഒന്നാണ് പെറു. എന്നാൽ ഇന്ന് കൊവിഡ് രോഗികളുടെ എണ്ണത്തിൽ ലോകത്ത് ഏഴാം സ്ഥാനത്ത് നിൽക്കുന്ന രാജ്യമാണ് പെറു. കരുതിയത് പോലെയല്ല രാജ്യത്ത് കാര്യങ്ങളുടെ പോക്ക് എന്ന് പ്രസിഡന്റ് മാർട്ടിൻ വിസ്കാര പറയുന്നു. ശരിക്കും എവിടെയാണ് പെറുവിന് അടിതെറ്റിയത്. ?
നേരത്തെ തന്നെ അടച്ചു പൂട്ടൽ
മാർച്ച് 16നാണ് പെറുവിൽ ലോക്ക്ഡൗൺ ആരംഭിച്ചത്. അതായത് ഇംഗ്ലണ്ടിലും മറ്റ് ചില യൂറോപ്യൻ രാജ്യങ്ങളിലും ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുന്നേ. അതിർത്തികൾ അടച്ചു. കർഫ്യൂ നടപ്പാക്കി. അവശ്യകാര്യങ്ങൾക്കല്ലാതെ വീടിന് പുറത്തിറങ്ങാൻ പാടില്ലെന്ന് ജനങ്ങളോട് നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ രോഗികളുടെ എണ്ണം കൂടുന്നതിലും മരണനിരക്ക് കുതിച്ചുയരുന്നതിലും കുറവ് വരുത്താനായില്ല.
ഒടുവിൽ ലോക്ക്ഡൗൺ ജൂൺ അവസാനം വരെ തുടരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ലോക്ക്ഡൗൺ കാലയളവുകളിൽ ഒന്ന്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുതിയ രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ് അനുഭവപ്പെടുന്നുണ്ട്. എന്നാൽ മരിക്കുന്നവരുടെ എണ്ണം കുറയ്ക്കാൻ കഴിഞ്ഞിട്ടില്ല. 8,900ത്തിലേറെ പേരാണ് ഇതേവരെ പെറുവിൽ മരിച്ചത്. 272,364 പേർക്ക് രോഗം സ്ഥിരീകരിച്ചു.
യു.കെ, സ്പെയിൻ എന്നിവ ഒഴികെ മറ്റെല്ലാ യൂറോപ്യൻ രാജ്യങ്ങളും പെറുവിന് പിന്നിലാണ്. ആയിരം പേരിൽ ആറ് പേരിൽ മാത്രമാണ് പെറുവിൽ ടെസ്റ്റ് നടക്കുന്നത്. അതേ സമയം, ഇറ്റലിയിൽ 1000 പേരിൽ 80 പേരെ ടെസ്റ്റിന് വിധേയമാക്കിയിരുന്നു. മറ്റ് ലാറ്റിനമേരിക്കൻ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പൊതുവെ പരിശോധന കൂടുതലാണ് പെറുവിൽ. പെറുവിലെ ആരോഗ്യമേഖല കാര്യക്ഷമമല്ലാത്തതാണ് ഇപ്പോൾ കൊറോണ വൈറസ് മരണങ്ങൾ കൂടാൻ കാരണമെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. സാമൂഹിക സാമ്പത്തികപരമായ നിരവധി ഘടകങ്ങളും പെറുവിൽ വൈറസ് വ്യാപനം കൂടാൻ കാരണമായിട്ടുണ്ട്.
വെല്ലുവിളികൾ ഏറെ
യൂറോപ്യൻ രാജ്യങ്ങളിലേത് പോലെയല്ല പെറുവിലെ ജീവിത ശൈലി. സാധാരണക്കാരാണ് ഏറെയും. പെറുവിലെ 40 ശതമാനത്തിൽ അധികം വീടുകളിൽ റഫ്രിജറേറ്റർ ഇല്ല. ദിവസങ്ങളോളം ആഹാരം ശേഖരിച്ചു വയ്ക്കാൻ അതിനാൽ ഇവർക്ക് കഴിയില്ല. അതുകൊണ്ട് തന്നെ, ഇടയ്ക്കിടെയ്ക്ക് മാർക്കറ്റുകളിലും കടകളിലുമൊക്കെ പോയി ഇവർ അവശ്യ സാധനങ്ങൾ വാങ്ങുന്നു.
രാജ്യത്ത് വൈറസ് വ്യാപനത്തിലെ പ്രധാന ഉറവിടങ്ങളിൽ ഒന്നാണ് മാർക്കറ്റുകൾ. പെറുവിന്റെ തലസ്ഥാനമായ ലിമയിലെ ഒരു ഫ്രൂട്ട് മാർക്കറ്റിലെ 86 ശതമാനം കച്ചവടക്കാർക്കും മേയിൽ കൊവിഡ് ബാധിച്ചതായാണ് ഔദ്യോഗിക രേഖകളിൽ പറയുന്നത്. ഇതു പോലെ വേറെയും മാർക്കറ്റുകൾ രാജ്യത്ത് നിരവധിയാണ്. മാർക്കറ്റിൽ സാധാനം വാങ്ങാനെത്തുന്നവർ വൈറസിനെയും കൂട്ടി വീട്ടിലെത്തുന്ന സ്ഥിതിയായി. ഇവരുടെ കുടുംബാംഗങ്ങൾക്കും ഇത് വഴി രോഗം പകരുന്നു. ലോക്ക്ഡൗണായതിനാൽ മാർക്കറ്റുകളും മറ്റും പരിമിതമായ സമയത്തേക്കാണ് പ്രവർത്തിക്കുന്നത്. ഈ സമയത്തിനുള്ളിൽ തന്നെ സാധനങ്ങൾ വാങ്ങാൻ തിക്കും തിരക്കും അനുഭവപ്പെടുന്നതും വെല്ലുവിളിയായി.
സാമൂഹ്യ അകലം പാലിക്കപ്പെടുന്നില്ല
സാമൂഹ്യ അകലം പാലിക്കുക എന്നത് വിദൂരമായ, തൊഴിൽ സാഹചര്യങ്ങളിലാണ് പെറുവിലുള്ള 70 ശതമാനം പേരും ജോലി ചെയ്യുന്നത്. ഭൂരിഭാഗം പേരും പൊതുഗതാഗത സൗകര്യങ്ങളെ ആശ്രയിക്കുന്നവരുമാണ്. ജനങ്ങളെ സഹായിക്കാനായി സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ കൈപ്പറ്റാൻ ബാങ്കിനുമുന്നിലെ നീണ്ട നിരകളും വൈറസ് വ്യാപനത്തിന് ആക്കം കൂട്ടി. ഡിജിറ്റൽ ബാങ്കിംഗ് ഒക്കെ ഇവിടെ വിരലിലെണ്ണാവുന്നവർ മാത്രമാണ് ഉപയോഗിക്കുന്നത്. ബാങ്കിൽ അക്കൗണ്ടുള്ള മുതിർന്നവരുടെ എണ്ണം പോലും 40 ശതമാനത്തിൽ താഴെയുമാണ്.ബാങ്കിന് മുന്നിലെ നീണ്ട നിര ഒഴിവാക്കാനായി ബാങ്കുകളുടെ പ്രവൃത്തി സമയം കൂട്ടിക്കൊണ്ടുള്ള ഉത്തരവ് അടുത്തിടെ സർക്കാർ പുറപ്പെടുവിച്ചിരുന്നു. തെരുവുകളിൽ ചെറിയ വീടുകളിൽ തിങ്ങിപ്പാർക്കുന്ന ജനവിഭാഗങ്ങൾക്കിടെയിലും സാമൂഹ്യ അകലം പാലിക്കൽ വെല്ലുവിളിയാണ്. ഈ ഘടകങ്ങളൊക്കെയാണ് പെറുവിന് വൈറസിനെ നിയന്ത്രിക്കാൻ സാധിക്കാതെ പോയതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തിന്റെ സ്ഥിതിഗതികൾ അറിയാമായിരുന്നിട്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ച സർക്കാർ വൈറസ് വ്യാപനം തടയാൻ കൂടുതൽ ഒന്നും ചെയ്തില്ലെന്നാണ് ആരോപണം. സർക്കാർ ഉണർന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ ലോക്ക്ഡൗണിന്റെ പ്രയോജനം ഇപ്പോൾ കാണാമായിരുന്നുവെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.