നെടുമങ്ങാട് :നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് നിലവിലെ ഭരണസമിതിയുടെ കാലത്ത് ലഭിച്ച വിവിധ അവാർഡു തുകകളുടെ പ്രതിമാസ പലിശയും സി.എസ്.ആർ ഫണ്ടും ചേർത്ത് അർബുദരോഗികൾക്ക് ചികിത്സാ ധനസഹായം അനുവദിക്കാൻ തീരുമാനിച്ചു. 'അഭയം " എന്നാണ് പദ്ധതിക്ക് നൽകിയിട്ടുള്ള പേര്.വിവിധ കാലഘട്ടങ്ങളിൽ ലഭിച്ച അവാർഡ് തുകകൾ സഹകരണ ബാങ്കിൽ സ്ഥിര നിക്ഷേപമാക്കി,പ്രതിമാസ പലിശയും ലഭിയ്ക്കുന്ന സി.എസ്.ആർ ഫണ്ടും ഉൾപ്പെടുത്തി നിരാലംബരായ അർബുദ രോഗികളെ കണ്ടെത്തി പ്രതിമാസം 1,000 രൂപ വീതം അക്കൗണ്ടിലൂടെ വിതരണം ചെയ്യുന്ന പദ്ധതിയാണ് അഭയം.ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവർത്തന പരിധിക്കുള്ളിലെ രോഗികളെയാണ് ധനസഹായത്തിന് തിരഞ്ഞെടുക്കുകയെന്ന് പ്രസിഡന്റ് വട്ടപ്പാറ ബി.ബിജു പറഞ്ഞു.