road

വിതുര: സഞ്ചാരയോഗ്യമായ റോഡ് എന്ന ആനപ്പെട്ടി,​ കണ്ണോട്ടുതറ - ചായം നിവാസികളുടെ സ്വപ്നം പൂവണിയുന്നു. ആനപ്പെട്ടിയിൽ നിന്നും കണ്ണോട്ടുതറ വഴി ചായം ഭാഗത്തേക്ക് റോഡ് നിർമ്മിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. റോഡ് എന്ന ആവശ്യവുമായി നാട്ടുകാർ നിരവധി തവണ അധികൃതരെ സമീപിക്കുകയും നിവേദനങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. റോഡിനായി നിരവധി സമരങ്ങളും ഇവിടെ അരങ്ങേറിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് വേളകളിൽ പ്രകടനപത്രികയിൽ റോഡ് നിർമ്മാണം ഇടം പിടിക്കുമായിരുന്നെങ്കിലും പിന്നീട് അത് വെളിച്ചം കാണാതെ പോവുകയായിരുന്നു. റോഡ് ഗതാഗതയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനുള്ള തീരുമാനത്തിലായിരുന്നു നാട്ടുകാർ. തൊളിക്കോട് പഞ്ചായത്തിലെ ചായം വാർഡിന്റെ പരിധിയിലാണ് ഈ റോഡ് ഉൾപ്പെടുന്നത്. രണ്ട് കിലോമീറ്ററോളം നീളമാണ് ഈ റോഡിനുള്ളത്. പുതിയ റോഡ് വരുന്നതോടെ പ്രദേശത്തെ ഗതാഗതം സുഗമമാകും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. നിലവിൽ ഇവിടെയുള്ള പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയുള്ള യാത്ര ദുരിതപൂർണമാണ്. റോഡിൽ നിറയെ കുഴികളും ഇളകിയ മെറ്റലുകളുമാണ് ഉള്ളത്. മഴക്കാലമായാൽ ഈ റോഡ് വെള്ളത്തിൽ മുങ്ങുക പതിവാണ്. സാധാരണ ഗതിയിൽ പോലും യാത്ര അസാധ്യമായ റോട്ടിൽ മഴപെയ്ത് ചെളികെട്ടിയാൽ പിന്നെ പറയേണ്ടതില്ല. അടിയന്തരഘട്ടങ്ങളിൽ പോലും ഈ പ്രദേശത്തേക്ക് വാഹനങ്ങൾ ഓട്ടം വിളിച്ചാൽ വരാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഈ റോഡിൽ ഇരുചക്രവാഹനങ്ങളും മറ്റും അപകടത്തിൽപ്പെടുന്നതും പതിവാണ്. റോഡ് യാഥാർത്ഥ്യമായാൽ ആനപ്പെട്ടി,​ കണ്ണോട്ടുതറ മേഖലയിലുള്ളവർക്ക് ചായം,​ വിതുര, പാലോട് മേഖലകളിലേക്ക് വേഗത്തിൽ എത്താൻ സാധിക്കും. റോഡിന്റെ ശോചനീയവസ്ഥമൂലം പ്രദേശത്തെ വിദ്യാർത്ഥികളും ബുദ്ധിമുട്ടിലാണ്. ആനപ്പെട്ടി,​ കണ്ണോട്ടുതറ -ചായം റോഡ് ഗതാഗതയോഗ്യമാക്കണമെന്നും,​ റോഡിൽ നിരന്തരം നടക്കുന്ന അപകടങ്ങൾ ചൂണ്ടിക്കാട്ടിയും കേരള കൗമുദി നിരവധി തവണ വാർത്തകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റോഡിന്റെ ദുരവസ്ഥ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് വി.കെ. മധു റോഡ് സന്ദർശിക്കുകയും ഫണ്ട് അനുവദിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. റോഡ് ഗതാഗതയോഗ്യമാക്കുന്നതിനായി ഫണ്ട് അനുവദിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവിന് തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംന നവാസും ചായം വാർഡ് മെമ്പർ ബിജുവും നന്ദി രേഖപ്പെടുത്തി.

അനുവദിച്ച തുക-80 ലക്ഷം

 നിർമ്മാണോദ്ഘാടനം തിങ്കളാഴ്ച

റോഡിന്റെ നിർമ്മാണോദ്ഘാടനം തിങ്കളാഴ്ച രാവിലെ 10.30ന് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം ചെയ്യും. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ. വേലപ്പൻ, തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംന നവാസ്, വൈസ് പ്രസിഡന്റ് ആർ.സി. വിജയൻ, ചായം വാർഡ് മെമ്പർ ബിജു, പഞ്ചായത്തംങ്ങളായ രതികല, ബിനിതമോൾ, സി.പി.എം ലോക്കൽകമ്മിറ്റി സെക്രട്ടറി എസ്.എസ്. പ്രേംകുമാർ, കോൺഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡന്റ് ചായം സുധാകരൻ എന്നിവർപങ്കെടുക്കും.