തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തർക്കത്തിൽ കോൺഗ്രസിനെ ത്രിശങ്കുസ്വർഗത്തിലാക്കി ജോസ് കെ.മാണിയുടെ പിടിവാശി തുടരുന്നു. ജോസ് പക്ഷത്തിനെതിരെ അവിശ്വാസ നോട്ടീസ് നൽകാൻ തീരുമാനിച്ചെന്നും കോൺഗ്രസ്, ലീഗ് പിന്തുണയുണ്ടെന്നും ഇന്നലെ പി.ജെ. ജോസഫ് വ്യക്തമാക്കിയതോടെ വരും ദിനങ്ങൾ നിർണായകമായി. ചങ്ങനാശേരി കൊണ്ടൂർ റിസോർട്ടിൽ ഇന്നലെ ചേർന്ന ജോസഫ് വിഭാഗം നേതൃയോഗത്തിലാണ് അവിശ്വാസം കൊണ്ടുവരാൻ തീരുമാനിച്ചത്. അതേസമയം രാജിവയ്ക്കില്ലെന്ന നിലപാട് ജോസ് വിഭാഗം ആവർത്തിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം നീട്ടിക്കൊണ്ടുപോയി മുന്നണിയെ വഷളാക്കാനാണ് ജോസ് വിഭാഗത്തിന്റെ ശ്രമമെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. എത്രയും വേഗം ജോസ് പക്ഷക്കാരനായ പ്രസിഡന്റ് രാജി വയ്ക്കണമെന്ന ആവശ്യം അംഗീകരിപ്പിക്കണമെന്നാണ് അവരുടെ നിലപാട്. എന്നാൽ ജോസ് പക്ഷത്തെ പ്രകോപിപ്പിക്കാതെ പ്രശ്നം പരിഹരിക്കണമെന്ന നിലപാടിലാണ് മറ്റൊരു വിഭാഗം നേതാക്കൾ.
തദ്ദേശതിരഞ്ഞെടുപ്പിന് നാല് മാസം കഷ്ടിച്ചേയുള്ളൂവെന്നിരിക്കെ ജോസ് പക്ഷം രാജിക്കാര്യത്തിൽ അനാവശ്യ പിടിവാശി കാട്ടുകയാണെന്നും സി.പി.എമ്മിന്റെ പ്രോത്സാഹനം ഇതിനുണ്ടെന്നും കരുതുന്നവർ കോട്ടയത്തെ കോൺഗ്രസിൽ ഏറെയാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മുന്നണി വിട്ടാൽ യു.ഡി.എഫിന് മുറിവുണക്കൽ എളുപ്പമാകില്ല. അത് സി.പി.എമ്മിന് നേട്ടമുണ്ടാക്കുമെന്നതിനാൽ അതിനവസരം നൽകരുതെന്നാണ് കോട്ടയം ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. ജില്ലാ നേതൃത്വം ഇക്കാര്യത്തിൽ ജോസ് വിഭാഗത്തിന് കർശനനിർദ്ദേശം നൽകിയതായാണ് വിവരം. ജോസഫും നിലപാട് കടുപ്പിച്ചത് ഇതേത്തുടർന്നാണ്.
എന്നാൽ, കോട്ടയം ജില്ലാ പഞ്ചായത്തിന്റെ മാത്രമായ വിഷയത്തിൽ ജോസ് വിഭാഗം പുറത്ത് പോകുന്നത് മുന്നണിക്ക് ക്ഷീണമാകുമെന്നാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിലെ ഭൂരിപക്ഷവികാരം. ജോസ് വിഭാഗം പോകുമ്പോൾ ഒരു രാജ്യസഭാംഗത്വവും യു.ഡി.എഫിന് നഷ്ടമാകും. വീരേന്ദ്രകുമാർ വിഭാഗം മുന്നണി വിട്ടപ്പോൾ ഒരു രാജ്യസഭാ സീറ്റ് നഷ്ടപ്പെട്ടതായിരുന്നു. ഇലയ്ക്കും മുള്ളിനും കേടില്ലാതെ എങ്ങനെ പരിഹരിക്കാമെന്നാണ് കോൺഗ്രസിന്റെ മുന്നിലെ ചോദ്യം .
അംഗങ്ങൾ കുറവായതിനാൽ കോൺഗ്രസ് പിന്തുണയോടെയേ അവിശ്വാസ നോട്ടീസ് നൽകാൻ ജോസഫിന് കഴിയൂ. എന്നാൽ ഇടതു പക്ഷം വിട്ടു നിന്നാലും അവിശ്വാസം പാസാകില്ല എന്നതിനാൽ അവിശ്വാസം നേരിടാനാണ് ജോസ് വിഭാഗം ആലോചന.
പി.ജെ.ജോസഫ്
യു.ഡി.എഫ് നേതാക്കൾ ആവർത്തിച്ചിട്ടും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്ന് ധാർഷ്ട്യത്തോടെ ജോസ് കെ. മാണി പറഞ്ഞ സാഹചര്യത്തിലാണ് അവിശ്വാസം കൊണ്ടു വരുന്നത്. അതിന് കോൺഗ്രസ് , മുസ്ലീം ലീഗ് പിന്തുണയുണ്ട്. അടുത്ത ദിവസം അവിശ്വാസം കൊണ്ടു വരും.