തിരുവനന്തപുരം: യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ബി.ജെ.പി, എൽ.ഡി.എഫ് സർക്കാരുകൾ അട്ടിമറിച്ച ശിവഗിരി തീർത്ഥാടന സർക്യൂട്ട് പദ്ധതി നടപ്പാക്കുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി പറഞ്ഞു. ഒ.ബി.സി കോൺഗ്രസിന്റെ നേതൃത്യത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പരസ്പരം മത്സരിച്ച് കേരളം ആവേശകരമായി സ്വീകരിച്ച ഈ പദ്ധതിയെ ഇല്ലാതാക്കുകയായിരുന്നു. 2019 ഫെബ്രുവരി പത്തിന് സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തനോദ്ഘാടനം കഴിഞ്ഞ ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതിയാണ് ഒന്നര വർഷമായപ്പോൾ കേന്ദ്രസർക്കാർ റദ്ദാക്കിയത്. ശ്രീനാരായണ ഗുരുദേവസൂക്തങ്ങൾ കൂടുതൽ മിഴിവോടെ പ്രചരിപ്പിക്കാൻ ഈ പദ്ധതി കൊണ്ട് സാധിക്കുമായിരുന്നുവെന്നും തമ്പാനൂർ രവി പറഞ്ഞു.
ഒ.ബി.സി കോൺഗ്രസ് സംസ്ഥാന ചെയർമാൻ പി. സുഭാഷ് ചന്ദ്ര ബോസ് അദ്ധ്യക്ഷത വഹിച്ചു. കമ്പറ നാരായണൻ, പ്രൊഫസർ സുശീല ടീച്ചർ, റോസ് ചന്ദ്രൻ ,വെഞ്ഞാറമ്മൂട് ഷാജി, പാളയം അബ്ദുൽ മജീദ്, കാലടി സുരേഷ്, വാമനപുരം സാബു, ജയരാമൻ, മേരി പുഷ്പം, തമലം സുരേന്ദ്രൻ, മുത്തുസ്വാമി, യൂസഫ് അമ്പലത്തറ, പാളയം സുധീർ രാജ്, കരമന കൃഷ്ണകുമാർ, പ്രേം രഞ്ജിത്,പഴഞ്ചിറ മാഹീൻ തുടങ്ങിയവർ സംസാരിച്ചു.