കിളിമാനൂർ: സംസ്ഥാന പാത വികസനം, സുരക്ഷാ ഇടനാഴി പദ്ധതി തുടങ്ങി വികസന പദ്ധതികൾ ഒന്നിന് പിറകെ ഒന്നായി വരുമ്പോഴും കിളിമാനൂർ ടൗണിനെ അലട്ടുന്ന പ്രധാന പ്രശ്നം വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ലാത്തതാണ്. നൂറു കണക്കിന് വാഹനങ്ങളാണ് കിളിമാനൂർ ടൗണിന്റെ വിവിധ ഭാഗങ്ങളിൽ പാർക്ക് ചെയ്യുന്നത്. റോഡ് വികസനം കഴിഞ്ഞാൽ ഗതാഗതക്കുരുക്ക് ഒഴിയുന്നതോടൊപ്പം പാർക്കിംഗ് സൗകര്യം മെച്ചപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ. എന്നാൽ നിലവിലുണ്ടായിരുന്ന ട്രാഫിക് ഐലന്റുകൾ പൊളിച്ച് മാറ്റി അശാസ്ത്രീയമായ രീതിയിൽ പുതിയ ഐലന്റുകൾ നിർമ്മിച്ചു.വാഹനങ്ങളുടെ എണ്ണം വർദ്ധിച്ചതോടെ ടൗണിൽ ഗതാഗതക്കുരുക്കിന് ഇത് ഇടയാക്കി, നിത്യേന ചെറുതും വലുതുമായ അപകടങ്ങൾക്കും ഇത് കാരണമായി. പുറമ്പോക്കം കൈയേറ്റങ്ങളും ഒഴിപ്പിച്ച സ്ഥലം പാർക്കിംഗിന് ഇടം നൽകാതെ നിലവിൽ ഉണ്ടായിരുന്ന ഓട പുതുക്കി പണിയുകയാണ് കെ.എസ്.ടി.പി ചെയ്തത്.