general

ബാലരാമപുരം: പാറക്കുഴിയിൽ നിർമ്മിച്ച മൃഗസംരക്ഷണ വകുപ്പ് സബ് സെന്ററിന്റെ ഉദ്ഘാടന ശിലാഫലകം സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതിനെതിരെ ബാലരാമപുരം പഞ്ചായത്ത് അധികൃതർ പൊലീസിൽ പരാതി നൽകി. കഴിഞ്ഞ 25നായിരുന്നു ഉദ്ഘാടനം. ഉദ്ഘാടനം കഴിഞ്ഞ തൊട്ടടുത്ത ദിവസം ശിലാഫലകം സാമൂഹ്യവിരുദ്ധർ നശിപ്പിക്കുകയായിരുന്നു. പൊലീസിൽ പരാതി നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വസന്തകുമാരി പറഞ്ഞു. എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ ശിലാഫലകത്തിൽ ഒരു സി.പി.എം ജനപ്രതിനിധിയുടെ പേര് ഒഴിവാക്കിയതാണ് സംഭവത്തിന് പിന്നിലെന്ന വാദവുമായി കോൺഗ്രസ് രംഗത്തെത്തി. ഡിവിഷനിൽപ്പെട്ട ജനപ്രതിനിധിയുടെ പേര് ഒഴിവാക്കിയിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്ന് പ്രാദേശിക നേതൃത്വം അറിയിച്ചു. ശിലാഫലകം ഇളക്കിമാറ്റിയതിൽ ദുരൂഹതയുണ്ടെന്നും പൊതുമുതൽ നശിപ്പിച്ചതിന് കേസെടുക്കണമെന്നും ഡി.സി.സി ജനറൽ സെക്രട്ടറി വിൻസെന്റ് ഡി. പോൾ ആവശ്യപ്പെട്ടു.