തിരുവനന്തപുരം: ഉറവിടമറിയാത്ത കൊവിഡ് വ്യാപനം തടയാൻ നഗരത്തിലെ കൂടുതൽ മേഖലകളെ കണ്ടെയ്ൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ച് നിയന്ത്രണം ശക്തമാക്കുകയാണ് ജില്ലാ ഭരണകൂടം. രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് പൊതുജനങ്ങൾക്കിടയിൽ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ടെങ്കിലും നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ അലസതയുണ്ടെന്ന കണ്ടെത്തലിലാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. വിദേശത്തു നിന്നുൾപ്പെടെ എത്തി ക്വാറന്റൈനിൽ കഴിയുന്നവരും നിരീക്ഷണത്തിലുള്ള വീട്ടുകാരുമടക്കം നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങുന്നതായും ആക്ഷേപമുണ്ട്. സമൂഹവ്യാപന സാദ്ധ്യതയ്‌ക്ക് തടയിടുന്നതിനായി നഗരത്തിലെ പ്രധാന മാർക്കറ്റുകളായ ചാല, പാളയം മാർക്കറ്റുകളിലും, മാളുകളിലെ സൂപ്പർമാർക്കറ്റുകളിലും നഗരസഭ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഫലപ്രദമായി. പഴം, പച്ചക്കറി കടകൾക്ക് തുറന്ന് പ്രവർത്തിക്കാവുന്ന ദിവസമായ ഇന്നലെ കടകളിൽ തിരക്ക് കുറവായിരുന്നു. നിയന്ത്രണങ്ങൾ ഉറപ്പുവരുത്തുന്നതിനായി മാർക്കറ്റുകളിൽ നഗരസഭയുടെ ഹെൽത്ത് സ്‌ക്വാഡുകൾ പരിശോധന നടത്തി. മാർക്കറ്റുകളിലേക്ക് ആളുകൾക്ക് പ്രവേശനം നൽകുന്നത് നിയന്ത്രിക്കാൻ പൊലീസിന്റെ സേവനവും നഗരസഭ പ്രയോജനപ്പെടുത്തിയിരുന്നു. പലചരക്ക്, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന കടകളും അമ്പത് ശതമാനം എന്ന നിലയിലാണ് തുറന്നത്. സമൂഹ വ്യാപന സാദ്ധ്യത തടയിടാൻ ആൾക്കൂട്ടം കുറയ്ക്കുന്നതിന് വേണ്ടിയാണ് കടകൾ അടച്ചിടുന്നതെന്ന് മേയർ കെ. ശ്രീകുമാർ പറഞ്ഞു. ചാല ഉൾപ്പെടെയുള്ള പ്രദേശങ്ങൾ പ്രത്യേകം ശ്രദ്ധ പുലർത്തേണ്ട മേഖലയാണെന്നാണ് പുതിയ നിർദ്ദേശം. സമ്പൂർണ അടച്ചിടലിലേക്ക് കാര്യങ്ങൾ എത്താതിരിക്കാൻ വ്യാപാരികളും വ്യാപാര സംഘടനകളും നഗരസഭ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളുമായി പൂർണമായി സഹകരിക്കണമെന്നും മേയർ ആവശ്യപ്പെട്ടു.

കണ്ടെയ്ൻമെന്റ് സോണുകൾ

ആറ്റുകാൽ (വാർഡ് 70 ), കുര്യാത്തി (വാർഡ് 73), കളിപ്പാൻ കുളം (വാർഡ് 69), മണക്കാട് (വാർഡ് 72), ടാഗോർ റോഡ് തൃക്കണ്ണാപുരം (വാർഡ് 48), പുത്തൻപാലം മുട്ടത്തറ (വാർഡ് 78) എന്നിവ കണ്ടെയ്ൻമെന്റ് സോണുകളായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. ഇവിടെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമായി പാലിക്കും. ചാല, നെടുങ്കാട്, കാലടി, കമലേശ്വരം, അമ്പലത്തറ എന്നിവിടങ്ങൾ പ്രത്യേക ശ്രദ്ധ പുലർത്തേണ്ട മേഖലകളായി കണക്കാക്കും. കരിക്കകം, കടകംപള്ളി എന്നീ വാർഡുകളെ കണ്ടെയ്ൻമെന്റ് സോണുകളായി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.

 സ്രവ പരിശോധന ഇന്ന്

ആറ്റുകാൽ വാർഡിൽ സമൂഹ വ്യാപന സാദ്ധ്യതയുള്ളതിനാൽ ഇന്ന് കൗൺസിലറുടെ ഓഫീസിൽ കൊവിഡ് ബാധിച്ചവരുമായി നേരിട്ട് ബന്ധപ്പെട്ടവരുടെ സ്രവ പരിശോധന നടത്തും. കൊവിഡ് ബാധിതരുമായി നേരിട്ട് ബന്ധമുള്ളവരുണ്ടെങ്കിൽ കൗൺസിലർ ബിന .ആർ.സിയെ അറിയിക്കുക. ഫോൺ: 98099 79 848.