advocate

തിരുവനന്തപുരം: ''അവരുടെ കൊലവിളിക്കും ആയുധങ്ങൾക്കും എന്നെയും എന്റെ സ്വപ്നങ്ങളെയും കൊല്ലാനായില്ല. പക്ഷേ,​​ ആ ആക്രമണത്തിൽ എനിക്ക് നഷ്ടമായത് പപ്പയെയും കുടുംബത്തെയുമായിരുന്നു.'' ജെറിന്റെ വാക്കുകൾ വിങ്ങി...

ചോരയിൽ കുളിച്ചു കിടന്നിടത്തു നിന്ന് ഉയിർത്തെഴുന്നേറ്റ ജെറിന് പിന്നിങ്ങോട്ട് സി.പി.എം താങ്ങും തണലുമായി. അഭിഭാഷകനായി ഇന്നലെ ഓൺലെെനായി എൻറോൾ ചെയ്തു. ഇനി നിയമവഴിയിൽ മുന്നേറണം. പേയാട് പള്ളിമുക്ക് മൺപുറം വീട്ടിൽ ജെറിൻ ജോയിയുടെ ഇന്നത്തെ വിലാസം,​ സി.പി.എം ഡി.സി ഓഫീസ്,​ തെെക്കാട്.

ക്രൂരമായ വധശ്രമത്തെയും ദിവസങ്ങളുടെ ഇടവേളയിൽ പിതാവിന്റെ വിയോഗം സൃഷ്ടിച്ച ശൂന്യതയും കീഴടക്കിയാണ് ജെറിൻ ലക്ഷ്യത്തിലേക്ക് പഠിച്ചുകയറിയത്. കാമ്പസ് അക്രമ രാഷ്ട്രീയത്തിൽ പൊലിഞ്ഞു പോകാതെ വിധി ബാക്കിവച്ച ജന്മം.

2013 ആഗസ്റ്റ് ഒന്നിനായിരുന്നു എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗവും സ്റ്റുഡന്റ്സ് ഓഫീസ് സെക്രട്ടറിയുമായിരുന്ന ജെറിനെ അക്രമികൾ വെട്ടിവീഴ്ത്തിത്. എൽ.എൽ.ബി എൻട്രസ് പരീക്ഷ എഴുതി റിസൽട്ട് കാത്തിരിക്കുകയായിരുന്നു.

''സ്റ്റുഡന്റസ് സെന്ററിൽ ചില കോളേജുകളിലെ പരിപാടിയുമായി ബന്ധപ്പെട്ട ഒരുക്കത്തിലായിരുന്നു ഞങ്ങൾ. എസ്.എഫ്‌.ഐ ജില്ലാ സെക്രട്ടറി അൻസാരിയും ഒപ്പമുണ്ടായിരുന്നു. പിന്നെ ഇവാനിയോസിലെ മൂന്നു പേരും. രാത്രി ഒമ്പതോടെ പത്തോളം പേരടങ്ങുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സെന്ററിലേക്ക് ഇരച്ചെത്തി. അവിടെയിരുന്ന നാല് ലാപ്പ്ടോപ്പുകൾ നിലത്തടിച്ച് പൊട്ടിച്ചു. ഇതോടെ ഇവാനിയോസിലെ വിദ്യാർത്ഥികൾ ഭയന്നോടി. ശബ്ദം കേട്ടെത്തിയ ഞങ്ങളെ വടിവാളും കമ്പിപ്പാരയും ഉപയോഗിച്ച് തുരുതുരെ വെട്ടി. തല്യ്ക്കായിരുന്നു കൂടുതൽ വെട്ട്. വെട്ടേറ്റുവീണ ഞാൻ ഇഴഞ്ഞ് ടോയ്‌ലെറ്റിൽ കയറി. ചോരവാർന്ന് കിടന്ന എന്നെ ടോയ്‌ലെറ്റിലിട്ട് പുറത്തുനിന്നു പൂട്ടിയാണ് അവ‌ർ പോയത്. ഞരക്കം കേട്ടെത്തിയ സഹപ്രവ‌ർത്തകരാണ് ആശുപത്രിയിലാക്കിയത്.

യൂണിവേഴ്സിറ്റി കോളേജിൽ നടന്ന ബഹളത്തിന്റെ ബാക്കി പത്രമായിരുന്നു ഇൗ അക്രമം എന്നാണ് അറിവ്. അവർക്ക് ഒരു എസ്.എഫ്.ഐക്കാരനെ കൊല്ലണമായിരുന്നു ''- ജെറിൻ പറഞ്ഞു.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരു മാസത്തിലേറെ നീണ്ട വാസം. ഇതിനിടെ എൻട്രൻസ് റിസൽട്ടു വന്നു. 412ാം റാങ്ക്. ഗവ. ലാ കോളേജിൽ പാർട്ടി ചെലവിൽ പഠനം. താമസം പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ.

ചങ്കുപൊട്ടി അച്ഛൻ...

അക്രമം നടന്ന് മൂന്നാം നാളായിരുന്നു ജെറിന്റെ പിതാവ് ജോയി ഹൃദയസ്തംഭനം മൂലം മരിച്ചത്. മകന്റെ അവസ്ഥ പത്രങ്ങളിലൂടെ അറിഞ്ഞ് ചങ്കു തകർന്നു വീഴുകയായിരുന്നു. തുന്നിക്കെട്ടിയ ശരീരവുമായി ആശുപത്രി കിടക്കയിൽ നിന്നാണ് പിതാവിനെ കാണാൻ അന്ന് ജെറിനെത്തിയത്. താമസിയാതെ അമ്മയും വിട്ടുപോയി.