nurse

തിരുവനന്തപുരം: സംസ്ഥാനത്ത് ആർട്സ് ആൻഡ് സയൻസ്, എൻജിനിയറിംഗ് കോളേജുകളിൽ സീറ്റു വർദ്ധിപ്പിച്ചത് പോലെ, 20 ശതമാനം സീറ്റ് നഴ്സിംഗിനും കൂട്ടാം. ആയിരത്തോളം പേർക്ക് അധികമായി പഠിക്കാം. ഖജനാവിന് ഒരു രൂപ പോലും അധികബാദ്ധ്യതയില്ലാതെ, ഒറ്റ ഉത്തരവിലൂടെ നടപ്പാക്കാം.

കേരളത്തിൽ പഠനസൗകര്യമില്ലാതെ പതിനായിരത്തിലേറെ കുട്ടികളാണ് എല്ലാവർഷവും ഉയർന്ന ഫീസിൽ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലേക്ക് പോവുന്നത്. വിദേശത്തുനിന്ന് മടങ്ങിയെത്തുന്ന കുട്ടികൾക്കും ഉപകാരപ്പെടും.

ഇക്കൊല്ലം പുതിയ നഴ്സിംഗ് കോളേജുകളും കോഴ്സുകളും എളുപ്പമല്ല. ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ, സർവകലാശാലാ പരിശോധനകൾക്കു ശേഷമേ അനുമതി ലഭിക്കൂ. കൊവിഡ് സാഹചര്യത്തിൽ ക്ലിനിക്കൽ പരിശീലനത്തിന് കേന്ദ്ര മാനദണ്ഡപ്രകാരം 1: 3 എന്ന വിദ്യാർത്ഥി-രോഗി അനുപാതത്തിനും പ്രയാസം. ബിരുദ കോഴ്സിൽ 40-70 കുട്ടികളാണ്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, തൃശൂർ, കോഴിക്കോട്, കൊച്ചി സർക്കാർ മെഡിക്കൽ കോളേജുകളിലേ നഴ്സിംഗ് പഠനമുള്ളൂ. 2004 വരെ സംസ്ഥാനത്ത് ആകെ 160 സീറ്റ്. സ്വാശ്രയ കോളേജുകൾ വന്നതോടെ സീറ്റുകൾ കൂടി.

നഴ്സിംഗ്

കോളേജുകൾ:

സർക്കാർ - 6

സ്വാശ്രയം -127

സീറ്റുകൾ:

ബി.എസ്‌സി നഴ്സിംഗ്:

 ആകെ - 6235

 സർക്കാ‌ർ - 375

 സ്വാശ്രയം - 5860

പോസ്റ്റ് ബേസിക്

ബി.എസ്‌സി നഴ്സിംഗ്:

 ആകെ -1010

 സർക്കാ‌ർ: -30

( തിരു.മെഡി. കോളേജിൽ)​

 സ്വാശ്രയം -980

എം.എസ്‌സി

നഴ്സിംഗ്

 ആകെ - 546

 സർക്കാ‌ർ - 116

 സ്വാശ്രയം - 430

സർക്കാരിന് മെച്ചം

സ്വാശ്രയ കോളേജുകളിലെ സീറ്റുകളിൽ 50% സർക്കാരിന് ലഭിക്കും. മെരിറ്റ്, മാനേജ്മെന്റ് സീറ്റുകളിൽ ഒരേ ഫീസാണ്. പ്ലസ്ടു ഫലം ജൂലായ് പത്തിന് പ്രസിദ്ധീകരിക്കും മുമ്പ് സീറ്റുകൾ വർദ്ധിപ്പിച്ചാൽ കുട്ടികൾക്ക് ആശ്വാസമാവും.

വിദേശത്തും കൂടുതൽ

ജോലിസാദ്ധ്യത

കൊവിഡ് കാലത്തും ഗൾഫ് രാജ്യങ്ങൾ കേരളത്തിൽ നിന്ന് നഴ്സിംഗ് റിക്രൂട്ട്മെന്റ് നടത്തുന്നുണ്ട്. സീറ്റുയർത്തുന്നത് കൂടുതൽ പേർക്ക് വിദേശത്ത് ജോലി സാദ്ധ്യതയൊരുക്കും.

ബി.എസ്‌സി

നഴ്സിംഗ് സീറ്റ്:

തമിഴ്നാട് -10,150

കർണാടകം -14,680

ആന്ധ്രാപ്രദേശ് - 7165