rahul-and-soniya

തിരുവനന്തപുരം: കെ.പി.സി.സിയുടെ ഒ.ബി.സി വിഭാഗത്തെ അധിക്ഷേപിക്കും വിധം ഒ.ബി.സി കോൺഗ്രസ് എന്ന പേരിലുള്ള സമാന്തരസംഘടനയ്ക്ക് വേണ്ടി പ്രവർത്തിച്ച് കെ.പി.സി.സി ജനറൽസെക്രട്ടറി തമ്പാനൂർ രവി അച്ചടക്കലംഘനം നടത്തിയെന്നാരോപിച്ച് ഒ.ബി.സി വിഭാഗം അദ്ധ്യക്ഷൻ സുമേഷ് അച്യുതൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പരാതി നൽകി.

പിന്നാക്കക്കാരുടെ വിവിധ വിഷയങ്ങളുയർത്തിക്കാട്ടി കെ.പി.സി.സി ഒ.ബി.സി വിഭാഗം വിജയകരമായ പ്രക്ഷോഭങ്ങൾ നടത്തിവരികയാണ്. ശിവഗിരി തീർത്ഥാടന സർക്യൂട്ട് ഉപേക്ഷിക്കാനുള്ള കേന്ദ്രതീരുമാനത്തിനെതിരെ താൻ നേരിട്ട് 24 മണിക്കൂർ ഉപവാസം നടത്തി. മൂന്ന് ദിവസം നീണ്ട പദയാത്രയും സംഘടിപ്പിച്ചു. ഒ.ബി.സി വിഭാഗത്തിന് കീഴിൽ ഈഴവ, മുസ്ലിം, നാടാർ, ലത്തീൻകത്തോലിക്ക സമുദായങ്ങൾ യോജിച്ചു നിന്ന് കോൺഗ്രസിനെ ശക്തിപ്പെടുത്തുകയാണ്. നിയമസഭയിൽ കോൺഗ്രസിന് ഈഴവസമുദായത്തിൽ നിന്ന് പ്രതിനിധിയില്ലാത്തതും കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകൾ ഇടതുമുന്നണിക്ക് അനുകൂലമായതുമെല്ലാം കണക്കിലെടുക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ സമാന്തരസംഘടനയുണ്ടാക്കി നേതാക്കൾ രംഗത്ത് വരുന്നത് പിന്നാക്ക വിഭാഗക്കാരിൽ ആശയക്കുഴപ്പവും അവിശ്വാസവും സൃഷ്ടിക്കും. തിരഞ്ഞെടുപ്പ് ഫലത്തെ പോലും അത് സ്വാധീനിക്കാനിടയുള്ളതിനാൽ ശക്തമായ നടപടി വേണമെന്ന് സുമേഷ് അച്യുതൻ ആവശ്യപ്പെട്ടു.