മാഡ്രിഡ് : ഇൗ സീസണിൽ തരംതാഴ്ത്തപ്പെടലിന്റെ വക്കിലെത്തിനിൽക്കുന്ന സ്പാനിഷ് ലാലിഗ ക്ളബ് എസ്‌പാന്യോൾ വീണ്ടും പരിശീലകനെ പുറത്താക്കി. അബലാർഡോ ഫെർണാണ്ടസാണ് പുറത്താക്കപ്പെട്ടത്. ഇൗ സീസണിൽ പുറത്താക്കപ്പെടുന്ന മൂന്നാമത്തെ പരിശീലകനാണ് അബലാർഡോ. 31 മത്സരങ്ങളിൽനിന്ന് 24 പോയിന്റ് മാത്രം നേടിയിട്ടുള്ള എസ്‌പാന്യോൾ 20 ടീമുകൾ മത്സരിക്കുന്ന ലാലിഗയിൽ അവസാന സ്ഥാനത്താണ്. 26 കൊല്ലം തുടർച്ചയായി ലാലിഗയിൽ കളിച്ച ക്ളബ് ശേഷിക്കുന്ന ഏഴ് മത്സരങ്ങളിൽ അത്‌ഭുത പ്രകടനം കാഴ്ചവച്ചില്ലെങ്കിൽ തരംതാഴ്ത്തപ്പെടും.
ഡേവിഡ് ഗല്ലെഗോ, പാബ്‌ളോ മാഷിൻ എന്നിവരെ ഒഴിവാക്കിയതിന് ശേഷം 2019 ഡിസംബറിലാണ് അബലാർഡോ എസ്‌പാന്യോളിന്റെ കോച്ചായി എത്തിയത്. ലോക്ക് ഡൗണിന് ശേഷമുള്ള ആദ്യമത്സരത്തിൽ റയൽ ബെറ്റിസിനോട് തോറ്റതിന് പിന്നാലെയാണ് മൂന്നാം പരിശീലകനെയും പുറത്താക്കിയത്.