d

കാസർകോട്: കുമ്പളയിൽ വാഹന പരിശോധനയ്ക്കിടെ കാറിൽ നിന്ന് മദ്യം പിടികൂടിയതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിൽ ബന്തിയോട്ടെ ഒരു വീട്ടിൽ സൂക്ഷിച്ച 6338 കുപ്പി വിദേശമദ്യം പിടികൂടി. 17 കേയ്സ് മദ്യം സഹിതം കാർ പിടിയിലായതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് വൻമദ്യശേഖരം കണ്ടെത്തിയത്.സംഭവത്തിൽ ഒരാളെ പിടികൂടിയിട്ടുണ്ട്.

കുമ്പള മുള്ളേരിയ റൂട്ടിൽ കാറിൽ മദ്യം കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ഇന്നലെ രാവിലെ കുമ്പള അനന്തപുരത്ത് എസ്‌ഐ അനിൽ കുമാറിന്റെ നേതൃത്വത്തിൽ വാഹനങ്ങൾ പരിശോധിച്ചിരുന്നു. പരിശോധനക്കിടെ നിർത്താതെ പോയ ആൾട്ടോ കാറിനെ പൊലീസ് പിന്തുടർന്നപ്പോൾ രണ്ടുപേർ ഇറങ്ങി ഓടി. ഇതിൽ ബന്തിയോട് വീരനഗറിലെ അജയിനെ(35) പൊലീസ് ഓടിച്ച് പിടികൂടി. ഇയാൾ സഞ്ചരിച്ച കാറിൽ നിന്ന് 17 കേയ്സ് വിദേശമദ്യം കണ്ടെത്തി.പിന്നാലെ ഇയാളുടെ വീട്ടിൽ നടന്ന പരിശോധനയിൽ വീട്ടുപറമ്പിലെ ഷെഡിൽ 6000 ബോട്ടിൽ വിദേശമദ്യം കൂടി കണ്ടെത്തുകയായിരുന്നു. ലോക്ക് ഡൗൺ ഇളവ് സമയത്ത് കർണാടകയിൽ നിന്ന് എത്തിച്ചവയാണെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ഒപ്പമുണ്ടായിരുന്ന കണ്ണൻ എന്ന യുവാവിനെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കി. അഡീഷണൽ എസ്‌.ഐ. കെ.പി.വി. രാജീവൻ, എ.എസ്‌.ഐ വിനോയ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.