മലയിൻകീഴ്: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ചാനലുകളിൽ സംപ്രേഷണം ചെയ്ത സംഗീത ആൽബത്തിന് ഭാരത സർക്കാരിന്റെ നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ അംഗീകാരം. മനുഷ്യമനസിനെ ഇരുട്ടിലാക്കുന്ന ലഹരി ബന്ധങ്ങളെ തകർക്കുമെന്നും ലഹരിവിമുക്ത സമൂഹത്തിനായി പ്രവർത്തിയ്ക്കാമെന്നുള്ള ആഹ്വാനമാണ് നെയ്യാറ്റിൻകര രൂപതയിലെ വൈദികനായ ഫാദർ ആർ.പി.റോബിൻരാജും രാജേന്ദ്രൻ എൽഷദായും സംഗീത ആൽബത്തിലൂടെ പങ്ക് വച്ചത്. കേരളം,തമിഴ്‌നാട്,പോണ്ടിച്ചേരി, ലക്ഷദീപ് എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള എൻട്രികളിൽ നിന്നാണ് ആൽബം തിരഞ്ഞെടുത്തത്. രണ്ടര മിനിറ്റുള്ള സംഗീത ആൽബത്തിന്റെ രചനയും സംഗീതവും ഫാ. റോബിൻരാജും സംവിധാനം രാജേന്ദ്രൻ എൽഷദായുമാണ് നിർവഹിച്ചിരിക്കുന്നത്. മലയിൻകീഴ് അന്തിയൂർക്കോണം കുരുവിൻമുകൾ ഇടവകയിലെ കലാകാരന്മാരാണ് ആൽബത്തിൽ അഭിനയിച്ചത്.