arrest

ചാലക്കുടി: മേലൂർ പൂലാനിയിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേരെ ചാലക്കുടി ഡിവൈ.എസ്.പി: സി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു. പൂലാനി ഞാറ്റുവെട്ടി വീട്ടിൽ അതുൽ (21), കാടുകുറ്റി ചിറമേൽ ടോണി (19) എന്നിവരെയാണ് ഒളിസങ്കേതത്തിൽ നിന്നും പിടികൂടിയത്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇരുവരും. സുഹൃത്തുക്കളായ അതുലും മൂഞ്ഞേലി സ്വദേശി സിജോയും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് സംഭവത്തിനു പിന്നിലെ കാരണം. കടം വാങ്ങിയ പണം തിരികെ ചോദിച്ചതോടെ ഇരുവരും തമ്മിൽ സ്പർദ്ധ ഉടലെടുക്കുകയായിരുന്നു. പണം ആവശ്യപ്പെട്ട് അതുലിനെ വിളിച്ച സിജോയും അതുലും ഫോണിലൂടെ വാക്കേറ്റമുണ്ടാവുകയും തുടർന്ന് അതുലിനെ കാണാൻ പൂലാനിയിലെത്തിയ സിജോയെ കൈയ്യിൽ കരുതിയ വടിവാൾ കൊണ്ട് കഴുത്തിലും, വലതു കൈപ്പത്തിയിലും വെട്ടുകയുമായിരുന്നു.
മാരകമായി മുറിവേറ്റ സിജോയെ രാത്രി കൊരട്ടി പൊലീസ് എത്തിയാണ് ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പിന്നീട് തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റി. കൊരട്ടി സി.ഐ: ബി.കെ. അരുൺ, എസ്.ഐ: രാമു ബാലചന്ദ്രബോസ്, അഡീ. എസ്‌.ഐ: സി.കെ. ജോഷി, എ.എസ്‌.ഐമാരായ പ്രദീപ് എം.എസ്, സെബി എം.വി, സി.പി. സുധീർ , സീനിയർ സി.പി.ഒമാരായ വി.ആർ രഞ്ജിത്, എ.യു. റെജി എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.