തിരുവനന്തപുരം: ദിനം പ്രതി കൊവിഡ് രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഗുരുതരാവസ്ഥയിലല്ലാത്ത കൊവിഡ് ബാധിതരെ വീട്ടിൽ പാർപ്പിച്ച് ചികിത്സിക്കാൻ സർക്കാർ പദ്ധതിയൊരുക്കുന്നു. വീട്ടിലെ ഒരു മുറിയിൽ പ്രത്യേകമായി പാർപ്പിക്കുന്ന രോഗിയുടെ മേൽനോട്ടചുമതല പ്രാഥമികാരോഗ്യത്തിലെ ഹെൽത്ത് ഓഫീസർക്കായിരിക്കും. ഗുരുതരപ്രശ്നമില്ലാത്തവരെ വീട്ടിൽ പാർപ്പിക്കാമെന്ന് കൊവിഡ് ഉന്നതതല സമിതി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. മറ്റുസംസ്ഥാനങ്ങളിലെല്ലാം ഈ രീതി പിന്തുടരുന്നുണ്ട്. അടുത്തമാസത്തോടെ പ്രതിദിനരോഗികളുടെ ശരാശരി എണ്ണം 250ന് മുകളിലായിരിക്കുമെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.
ഇപ്പോൾ രോഗം സ്ഥിരീകരിക്കുന്നവരിൽ ലക്ഷണമില്ലാത്തവരെയും നേരിയ ലക്ഷണങ്ങളുള്ളവരെയും ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കൊവിഡ് കെയർ സെൻററുകളിലും പാർപ്പിക്കുന്നുണ്ട്. സംസ്ഥാനത്ത് നിലവിൽ 29 വീതം കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളും കൊവിഡ് ആശുപത്രികളും ആകെ 2,705 കിടക്കകളുമാണുള്ളത്.