തിരുവനന്തപുരം: ബെവ് ക്യൂ ടോക്കണില്ലാതെയുള്ള മദ്യവില്പന കണ്ടുപിടിക്കാൻ ഇന്നലെ സംസ്ഥാനത്തെ ബാറുകളിൽ എക്‌സൈസ് പരിശോധന നടത്തിയെങ്കിലും ക്യൂ ആർ കോഡ് പരിശോധിക്കാനുള്ള സംവിധാനം ഇല്ലാത്തതിനാൽ ക്രമക്കേട് കണ്ടെത്താനായില്ല. ആപ്പ് വഴി ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ മദ്യം നൽകാവൂവെന്ന വ്യവസ്ഥ ലംഘിക്കുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർമാരുടെ നേതൃത്വത്തിൽ പരിശോധന.
ഡ്രൈ ഡേയ്ക്ക് ശേഷം മദ്യവില്പന ആരംഭിച്ച ദിവസമായതിനാൽ മിക്ക ബാറുകളിലും സാമാന്യം തിരക്കുണ്ടായിരുന്നു. മദ്യം ബുക്കുചെയ്യുന്നവരുടെ പട്ടിക ബാറുകൾക്ക് ബിവറേജസ് കോർപറേഷൻ നൽകിയിരുന്നു. എന്നാൽ ഇതിലും ക്യൂആർ കോഡ് സംവിധാനം ഇല്ലായിരുന്നു. സെക്കൻഡ്സ് വിൽക്കുന്നുണ്ടോ, ടോക്കണിൽ പറഞ്ഞിരിക്കുന്ന ബാറിൽ നിന്നുതന്നെയാണോ മദ്യം വാങ്ങുന്നത് എന്നീ കാര്യങ്ങളും, മദ്യം വാങ്ങാനെത്തിയവരിൽ നിന്ന് വെർച്വൽ ക്യൂ രേഖകളും എക്‌സൈസ് പരിശോധിച്ചു. വിശദ റിപ്പോർട്ട് ലഭിച്ചതിനുശേഷമേ എന്തെങ്കിലും പറയാനാകൂവെന്ന് എക്സൈസ് കമ്മിഷണർ അറിയിച്ചു.
ഞായറാഴ്ചത്തെ സമ്പൂർണ ലോക്ക് ഡൗൺ പിൻവലിച്ചതിനാൽ ഇന്ന് മദ്യശാലകൾ പതിവുപോലെ പ്രവർത്തിക്കും.