തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഇന്ത്യയുടെ എല്ലാ ഭാഗത്തും വെള്ളിയാഴ്ചയോടെ മൺസൂൺ എത്തിയെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. സാധാരണ ജൂലായ് എട്ടിനാണ് ഇത് സംഭവിക്കാറുള്ളത്. എങ്കിലും ഇതിൽ നിന്ന് 12 ദിവസം മുമ്പാണ് ഇത്തവണ മൺസൂൺ ഇന്ത്യയുടെ എല്ലാഭാഗത്തും എത്തിയത് എന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
2015ൽ ഇത്തരത്തിൽ മൺസൂൺ ഇതേ തീയതിയിലാണ് രാജ്യം മുഴുവൻ ലഭിച്ചത്. 2013ന് ശേഷം ഏറ്റവും വേഗത്തിൽ രാജ്യത്ത് സഞ്ചരിക്കുന്ന മൺസൂണാണ് ഇതൊടെ ഇത്തവണത്തേത്. 2013ലെ മൺസൂൺ ജൂൺ 16ന് തന്നെ രാജ്യം മുഴുവൻ പെയ്തിരുന്നു. കേരള തീരത്ത് 40 മുതൽ 50 കി.മി. വരെ വേഗത്തിൽ കാറ്റ് വീശാൻ സാദ്ധ്യതയുള്ളതിനാൽ മീൻപിടിത്തക്കാർ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.