shamna-lazim

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടിയ കേസിൽ യുവതി ഉൾപ്പെടെ നാലു പേർ കൂടി പ്രതികളാകും. യുവതികളെ പാലക്കാട്ടേക്ക് വിളിച്ചുവരുത്തിയ ഇടുക്കിക്കാരി മീരയടക്കമാണ് പ്രതിയാകുന്നത്. കേസിൽ ആദ്യം അറസ്റ്റിലായ പ്രതികളുടെ തെളിവെടുപ്പ് ഇന്ന് നടന്നേക്കും.

തട്ടിപ്പിനിരയായ കൂടുതൽ പേർ പരാതിയുമായി എത്തികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിപുലമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. അതേസമയം തട്ടിപ്പിനരയായ ഷംന കാസിം ഇന്ന് കൊച്ചിയിലെത്തും. ഹൈദരാബാദിൽ സിനിമ ഷൂട്ടിംഗിലുള്ള താരം വൈകുന്നേരത്തോടെയാണ് കൊച്ചിയിലെത്തുക.

അതേസമയം ഷംനയുടെ പരാതിയിൽ എടുത്ത കേസിൽ ആദ്യം പിടിയിലായ നാലു പ്രതികളെ നടിയുടെ വീട്ടിലെത്തിച്ച് തെളിവെടുക്കാനുണ്ട്. ഇന്നലെ അതിന് തയ്യാറെടുത്തെങ്കിലും ഒടുവിൽ അറസ്റ്റിലായ മുഖ്യപ്രതി മുഹമ്മദ് ഷെരീഫ് അടക്കമുള്ള എല്ലാവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നത് നീണ്ടുപോയതിനാൽ തെളിവെടുപ്പ് നടന്നില്ല. ഷംന എത്തുന്നതോടെ പ്രതികളെ പരാതിക്കാർക്ക് മുന്നിൽ നേരിട്ട് കാണിച്ച് തിരിച്ചറിയാമെന്ന സൗകര്യവും ഉണ്ട്.

നാളെ ഷംന കാസിമിന്റെ മൊഴി ഓൺലൈനായി രേഖപ്പെടുത്തുമെന്ന് പൊലീസ് അധികൃതർ‌ അറിയിച്ചു. അതിന് ശേഷമാകും തുടരന്വേഷണം.മൂന്ന് പ്രതികളെക്കൂടി ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. വൈകാതെ ഇവരെയും കസ്റ്റഡിയിൽ വാങ്ങും. റിസപ്ഷനിസ്റ്റുകളും ഇവന്റ് മാനേജ്മെന്റ് ജീവനക്കാരും തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും കൊച്ചി ഡി.സി.പി ജി.പൂങ്കുഴലി പറഞ്ഞു.കേസിൽ കൂടുതൽ പ്രതികൾ ഉള്ളതായി വ്യക്തമായ വിവരം അന്വേഷണ സംഘത്തിനുണ്ട്. ഇതുവരെ പതിനെട്ട് പേരാണ് പരാതിയുമായി അന്വേഷണ സംഘത്തിനെ സമീപിച്ചിരിക്കുന്നത്.

കിട്ടിയ പരാതികളിൽ നിന്ന് പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കിയാണ് ഇപ്പോൾ രണ്ടു കേസുകൾ കൂടി പൊലീസ് രജി‌സ്‌ടർ ചെയ്‌തിരിക്കുന്നത്. ഇതോടെ ഈ സംഘത്തിനെതിരെ കൊച്ചിയിൽ മാത്രം ആറു കേസുകളായി. പരാതിക്കാരായ പെൺകുട്ടികളുടെ വിശദ മൊഴികൾ ഇന്നലെ പകൽ രേഖപ്പെടുത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ രാത്രി വൈകിയും, ഇന്ന് പുലർച്ചെയുമായാണ് രണ്ട് കേസുകളും രജിസ്റ്റർ ചെയ്തിരിക്കുന്നത്.