pic

കോട്ടയം: കേരള കോൺഗ്രസിലെ പ്രശ്‌നങ്ങൾ തീർക്കാനായി വീണ്ടും ചർച്ച നടത്തുമെന്ന് ഉമ്മൻ ചാണ്ടി. പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാൻ ആണ് ശ്രമിച്ചത്. യു.ഡി.എഫിന്റെ തീരുമാനം ഇരുവിഭാഗത്തെയും അറിയിച്ചിട്ടുണ്ട്. മുന്നണിയിൽ നിന്ന് ആരും വിട്ടുപോകരുതെന്നാണ് ആഗ്രഹം. നിലപാട് അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രശ്നപരിഹാരത്തിന് വീണ്ടും ചർച്ച നടത്തുമെന്ന് വ്യക്തമാക്കിയ ഉമ്മൻചാണ്ടി പക്ഷെ അവിശ്വാസ പ്രമേയത്തിൽ പ്രതികരിച്ചില്ല.

യു.ഡി.എഫിനെ കേൾക്കാത്ത ജോസ് കെ മാണിയുടെ നിലപാടിൽ യു.ഡി.എഫ് ഒന്നാകെ അതൃപ്തരാണ്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ ജോസ് വിഭാഗം നടത്തുന്ന വിലപേശൽ അംഗീകരിച്ചു കൊടുക്കേണ്ടെന്ന നിലപാടും യു.ഡി.എഫിലെ പ്രമുഖ കക്ഷികൾക്കുണ്ട്. പഞ്ചായത്ത്-നിയമസഭ തിരഞ്ഞെടുപ്പിലെ സീറ്റുകളുടെ കാര്യത്തിൽ ഇപ്പോഴേ ധാരണ വേണമെന്ന ആവശ്യമാണ് ജോസ് പക്ഷം മുന്നോട്ട് വയ്ക്കുന്നത്.

സീറ്റ് വിഭജനത്തിൽ ധാരണയിലെത്തിയാൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി ഒഴിയാമെന്നാണ് ജോസ് വിഭാഗം യു.ഡി.എഫിനെ അറിയിച്ചത്. എന്നാൽ സീറ്റുകൾ പങ്കുവയ്‌ക്കുന്ന ചർച്ച പറ്റില്ലെന്ന നിലപാടിലാണ് ജോസഫ്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസി‍ഡന്റ് സ്ഥാനം ജോസഫ് വിഭാഗത്തിന് നൽകണമെന്ന യു‍.ഡി.എഫ് നിർ‍ദേശം ജോസ് വിഭാഗം വീണ്ടും തള്ളിയതോടെയാണ് മുന്നണിയിലെ പ്രതിസന്ധി കൂടുതൽ വഷളായത്.