covid-19

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചവരുടെ എണ്ണത്തിൽ വൻ വർദ്ധന. 19,906 പേർക്കാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ചത്. ഇതാദ്യമായാണ് 19,000ൽ അധികം കേസുകൾ ഒരു ദിവസം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 5,28,859 ആയി. 410 പേരാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 16,095 ആയി ഉയർന്നു. നിലവിൽ 2,03,051 പേർ ചികിത്സയിലാണ്. ഇതുവരെ 3,09,713 പേർ രോഗമുക്തരായി.

ജൂൺ 27 വരെ രാജ്യത്ത് 82,27,802 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഐ.സി.എം.ആർ അറിയിച്ചു. രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. ശനിയാഴ്ച 5318 പേർക്കായിരുന്നു സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിലെ രോഗബാധിതരുടെ എണ്ണം 1,59,133 ആയി. മുംബയിൽ മാത്രം 1,400 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ മുംബയിലെ ആകെ രോഗബാധിതരുടെ എണ്ണം 74, 252 ആയി.

കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഡൽഹിയാണ് മഹാരാഷ്ട്രയ്ക്ക് പിന്നിൽ. 80,000ൽ അധികം പേർക്കാണ് ഡൽഹിയിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 2,558 പേർക്കാണ് കൊവിഡ് വൈറസ് ബാധ മൂലം ഡൽഹിയിൽ ജീവൻ നഷ്‌ടമായത്. അതേസമയം കൊവിഡ് രോഗികളുടെ എണ്ണത്തിൽ ലോകരാജ്യങ്ങളിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. യു.എസ്., ബ്രസീൽ, റഷ്യ എന്നിവയാണ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യയ്ക്ക് മുന്നിലുള്ള മറ്റ് രാജ്യങ്ങൾ.