വെഞ്ഞാറമൂട്: ഇരുചക്രവാഹനയാത്രക്കാരെ ആകർഷിക്കാൻ കെ.എസ്.ആർ.ടി.സിയുടെ ബസ് ഓൺ ഡിമാൻഡ് പദ്ധതിയുടെ രജിസ്ട്രേഷൻ വെഞ്ഞാറമൂട്ടിൽ ആരംഭിച്ചു. സർക്കാർ ഉദ്യോഗസ്ഥരെയും സ്വകാര്യ മേഖലയിലും മറ്റും സ്ഥിരമായി ജോലിക്ക് പോകുന്നവരെയും ഉദേശിച്ചാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. അതിരാവിലെ സ്ഥിരമായി നഗരത്തിരക്കിലൂടെ വായു മലിനീകരണത്തിന്റെ ദൂഷ്യഫലങ്ങളും അനുഭവിച്ച് ജോലിക്കെത്തുമ്പോഴേക്കും ജോലി ചെയ്യാനുള്ള ഊർജ്ജം തന്നെ നഷ്ടമായിട്ടുണ്ടാവും. തുടർച്ചയായി ഇരുചക്ര വാഹനം ഓടിക്കുന്നത് മൂലം കാലക്രമേണ ഉണ്ടാകുന്ന സ്പോണ്ടലൈറ്റിസ്, നടുവേദന തുടങ്ങിയ അനിവാര്യമായ രോഗാവസ്ഥകളും അവരെ ആശങ്കാകുലരാക്കുന്നുണ്ട്. ബോണ്ട് അഥവാ ബസ് ഓൺ ഡിമാന്റ് എന്ന പദ്ധതിയിലൂടെ ഇതിനൊക്കെ പരിഹാരം കാണുകയാണ് കെ.എസ്.ആർ.ടി.സി. ഈ പദ്ധതിയുടെ ഭാഗമായി യാത്രക്കാരുടെ ഇരുചക്രവാഹനങ്ങൾ ഡിപ്പോയിൽ സൂക്ഷിക്കാനുള്ള സൗകര്യമൊരുക്കുന്നുണ്ട്. മുൻകൂർ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് വഴിയിൽ നിന്ന് കയറാനും ഇറങ്ങാനുമുള്ള സൗകര്യം ഉണ്ടായിരിക്കും. ഒരേ ഓഫീസിലെ പത്തിൽ കൂടുതൽ ജീവനക്കാർ ഉണ്ടെങ്കിൽ അവരെയെല്ലാം ഒരു ബസിൽ കൊണ്ടുപോകുന്നതിനുള്ള അവസരമൊരുക്കും. അവരവരുടെ ഓഫീസിന് മുന്നിൽ ബസുകൾ യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നതാണ്. പൂർണമായും സർക്കാർ നിഷ്കർഷിക്കുന്ന രീതിയിൽ അണുനശീകരണം ചെയ്ത ബസിൽ സൗജന്യമായി സാനിറ്റൈയ്സർ, ദിനപത്രം എന്നിവയും യാത്രക്കാർക്ക് നൽകും.

മുൻകൂട്ടി ടിക്കറ്റ് റിസർവ് ചെയ്ത യാത്രക്കാരെയല്ലാതെ മറ്റൊരാളെയും ഇതിൽ കയറ്റുന്നതല്ല. ഈ സർവീസുകളിൽ 5,10, 15, 20, 25 ദിവസങ്ങളിലേക്കുള്ള പണം മുൻകൂറായി അടച്ച് യാത്രക്കുള്ള സീസൺ ടിക്കറ്റുകൾ ഡിസ്കൗണ്ടോടു കൂടി കൈപ്പറ്റാവുന്ന അവസരവുമുണ്ട്. ഈ ബസിലെ യാത്രക്കാർക്ക് നിലവിലെ ഇൻഷ്വറൻസിന് പുറമേ 10 ലക്ഷം രൂപയുടെ അപകട സമൂഹ ഇൻഷ്വറൻസ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് വെഞ്ഞാറമൂട് - 0472 2874141, എടി ഒ ബി എസ് ഷിജു 9188526720.