കിളിമാനൂർ: തട്ടത്തുമല സ്കൂളിലെ ക്ലാസുകൾ ഇനി ഇന്റലിജെന്റ് ഇന്ററാക്ടീവ് പാനലിൽ ലോക്ക് ഡൗൺ കാലത്ത് അദ്ധ്യാപകരെ കണ്ടും മിണ്ടിയും ക്ലാസിലെ പ്രതീതിയിൽ ഇരിക്കാൻ തട്ടത്തുമല സ്കൂളിലെ കുട്ടികൾക്ക് അവസരമൊരുങ്ങുന്നു .ഇതിനായി പൂർവവിദ്യാർത്ഥികൾ സംഭാവന ചെയ്ത ഇന്റലിജെന്റ് ഇന്ററാക്ടീവ് പാനൽ അഡ്വ. ബി. സത്യൻ എം.എൽ.എ തട്ടത്തുമല സ്കൂളിന് സമർപ്പിച്ചു. ആലപ്പുഴയിലെ ടെക്ജെൻഷ്യ വികസിപ്പിച്ച സ്കൂളിന്റെ സ്വന്തം ഓൺലൈൻ കോൺഫറൻസ് സംവിധാനവും സ്കൂളിന് കൈമാറി. രണ്ടു ലക്ഷം രൂപയോളമാണ് പാനലിന്റെ വില. ഈ രണ്ടു സംവിധാനങ്ങളും ഉപയോഗിച്ച് ജൂലായ് മാസത്തോടെ വീഡിയോ കോൺഫറൻസ് വഴി ക്ലാസുകൾ ആരംഭിക്കും. ഓരോ വിഷയത്തിനും പ്രത്യേകം ഡിജിറ്റൽ പഠനോപാധികൾ സജ്ജീകരിച്ചിട്ടുള്ള ഇന്ററാക്ടീവ് പാനലിൽ ക്ലാസ് റൂം അനുഭവം വേറിട്ടതാകും. സയൻസും ഗണിതവും ഏറ്റവും അനായാസമായി പഠിപ്പിക്കാൻ ഒട്ടേറെ സംവിധാനങ്ങളാണ് പാനലിലുള്ളത്. പാനൽ ഉപയോഗിക്കുന്നതിന് അദ്ധ്യാപകർക്കുള്ള പരിശീലനവും ആരംഭിച്ചു. വീഡിയോ കോൺഫറൻസിനുള്ള മൊബൈൽ ആപ്പു കൂടി പൂർണസജ്ജമാകുന്നതോടെ, അന്താരാഷ്ട്ര നിലവാരമുള്ള അദ്ധ്യയനം എന്ന ലക്ഷ്യത്തിലേയ്ക്കുള്ള സുപ്രധാനമായ ചുവടുവെപ്പ് കഴിയും. സ്കൂളിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് എസ്. യഹിയ, എസ്.എം.സി ചെയർമാൻ കെ.ജി. ബിജു, പ്രിൻസിപ്പൽ ഗംഗ, വൈസ് പ്രിൻസിപ്പൽ വിജയലക്ഷ്മി, സീനിയർ അസിസ്റ്റന്റ് പി. രാജു, പാസ്റ്റ് പ്രസിഡന്റ് ജി. ജയകുമാർ, ട്രഷറർ പി.പി. ബാബു എന്നിവർ പങ്കെടുത്തു.