covid

മലപ്പുറം: മലപ്പുറത്ത് എടപ്പാളിൽ അഞ്ച് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്‌ടർമാർക്കും മൂന്നു നഴ്സുമാർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ വരെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇവരുടെ സമ്പർക്കപ്പട്ടിക തയാറാക്കുന്ന തിരക്കിലാണ് ആരോഗ്യവകുപ്പ്. സമൂഹവ്യാപനം അറിയാനുള്ള സെന്റിനൽ പരിശോധനയിലാണ് ഇവർക്ക് കൊവിഡ് കണ്ടെത്താനായത്.

നൂറുകണക്കിന് രോഗികളുമായും കൂട്ടിരിപ്പുകാരുമായി ആരോഗ്യപ്രവർത്തകർക്ക് സമ്പർക്കം വന്നിരിക്കാം എന്നതിനാൽ റൂട്ട് മാപ്പ് തയ്യാറാക്കുന്നത് എത്രത്തോളം പ്രാവർത്തികമാണ് എന്ന ആശങ്കയിലാണ് ആരോഗ്യവകുപ്പ് അധികൃതർ. സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ മലപ്പുറം ജില്ലാ കളക്ടർ വിളിച്ച അടിയന്തര യോഗം ഇപ്പോൾ നടക്കുകയാണ്.

രോഗബാധിതർ അതിവസിക്കുന്ന വട്ടക്കുളം, എടപ്പാൾ ഗ്രാമപഞ്ചായത്തുകൾ കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചു കൊണ്ടുള്ള അറിയിപ്പ് ഉടനെ വരും എന്നാണ് സൂചന. മൂന്ന് ഡോക്ടർമാർക്കും രണ്ട് നഴ്സുമാർക്കുമാണ് നിലവിൽ രോഗം സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരായ ഇവരുമായി നൂറു കണക്കിന് ആളുകളാണ് ഇടപെട്ടത്.

എടപ്പാളിലെ ചില വാർഡുകൾ നേരത്തെ കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. പ്രദേശത്ത് അലഞ്ഞു നടക്കുന്ന യാചകന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇയാളിൽ നിന്നും ഒരു സർക്കാർ ഉദ്യോഗസ്ഥനും കൊവിഡ് ബാധിച്ചു. ഈ സാഹചര്യത്തിലാണ് മേഖലയിൽ റാൻഡം പരിശോധന നടത്താൻ തീരുമാനിച്ചത്.അതേസമയം നിലവിൽ സമൂഹവ്യാപനം സംഭവിച്ചിട്ടില്ലെന്നും എന്നാൽ അതീവ ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും മലപ്പുറം ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി കെ.ടി ജലീൽ അറിയിച്ചു. സമ്പർക്കപട്ടികയിലുള്ള എല്ലാവരേയും പരിശോധനയ്ക്ക് വിധേയരാക്കുമെന്നും അദ്ദേഹം പറഞ്ഞു.